ബെംഗളൂരു: ഗോ പൂജയ്ക്കിടെ പശു വിഴുങ്ങിയ സ്വര്‍ണാഭരണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഉത്തരകര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം.ശ്രീകാന്ത് ഹെഗ്ഡെ എന്നയാള്‍ ദീപാവലിയോടനുബന്ധിച്ച് നടത്തിയ ഗോ പൂജയ്ക്കിടെയാണ് 80000 രൂപ വിലവരുന്ന ആഭരണം പശു വിഴുങ്ങിയത്. ഗോ പൂജ സമയത്ത് പൂക്കള്‍ കൊണ്ടുള്ള മാലയോടൊപ്പം ആഭരണങ്ങളും പശുവിനെ അണിയിച്ചിരുന്നു.
പിന്നീട് ഇവ എടുത്ത് മാറ്റി പശുവിനെ കെട്ടിയിട്ടിരുന്നതിന് സമീപത്ത് വെച്ചിരുന്നു. ഇതിനിടെയാണ് സ്വര്‍ണാഭരണങ്ങള്‍ കാണാതായത്. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല. സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയത്തെ തുടര്‍ന്ന് ഒരു മാസത്തോളം ഇവര്‍ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചിരുന്നു.
കിട്ടാതായതോടെ ശ്രീകാന്ത് മൃഗാശുപത്രിയിലെത്തി മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ പശുവിന്റെ ശരീരത്തില്‍ സ്വര്‍ണം ഉള്ളതായി സ്ഥിരീകരിച്ചു. പിന്നീട് ശസ്ത്രക്രിയയിലൂടെയാണ് സ്വര്‍ണ്ണം പുറത്തെടുത്തത്. 20 ഗ്രാം തൂക്കമുണ്ടായിരുന്ന ആഭരണം പശുവിന്റെ വയറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ 18 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്.