പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും; മൂന്നാറിലെ വില്ലയിലും കള്ളപ്പണം

December 12, 2021
201
Views

ന്യൂ ഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെടുത്തത്.

വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും അടക്കം റെയ്ഡിൽ കണ്ടെടുത്തതായും ഇ.ഡി. വാർത്താക്കുറിപ്പിൽ അറിയിച്ചു.

കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റ് ബി.പി. അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. അഷ്റഫ് എന്നിവരുടെ വീടുകളിലാണ് ഇ.ഡി. സംഘം റെയ്ഡ് നടത്തിയത്.

ഇതിനുപുറമേ മൂന്നാർ മാങ്കുളത്തെ മൂന്നാർ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡ് തടസപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചെങ്കിലും സി.ആർ.പി.എഫിന്റെ സാന്നിധ്യത്തിൽ പരിശോധന വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണ് ഇ.ഡി.യുടെ വാർത്താക്കുറിപ്പിൽ പറയുന്നത്.

ഡിജിറ്റൽ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാർ വില്ല വിസ്റ്റ പ്രൊജക്ട് ഉൾപ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലർ ഫ്രണ്ട് കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിന്റെ രേഖകളും കണ്ടെടുത്തു.

മാത്രമല്ല, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിദേശത്തുള്ള സ്വത്തുവകകളെ സംബന്ധിച്ചുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉൾപ്പെടെയുള്ള വസ്തുവകകളെക്കുറിച്ചാണ് വിവരങ്ങൾ ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്നും ഇ.ഡി. അറിയിച്ചു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *