ഗംഗയിലിറങ്ങി പുണ്യസ്നാനം ചെയ്ത് മോദി; കാശിധാം ഇടനാഴി രാജ്യത്തിന് തുറന്നുകൊടുത്തു

December 13, 2021
122
Views

വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയത്. കാശിയെ തകർക്കാൻ ശ്രമിച്ചവരുടെ കാലം കഴിഞ്ഞുവെന്ന് മോദി പറഞ്ഞു.

വാരാണസിയിലെത്തിയ പ്രധാനമന്ത്രി കാല ഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ഗംഗയിലിറങ്ങിയ പ്രധാനമന്ത്രി പുണ്യസ്നാനം ചെയ്തു. യാത്രാമധ്യേ വഴിയുലടനീളം കാത്തുനിന്ന നൂറുകണക്കിന് ജനങ്ങള്‍ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു. വൈകീട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.

ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുടെ തീരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ആദ്യഘട്ടം 339 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗംഗാ തീരത്തുനിന്ന് 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. വാരാണസി എംപി കൂടിയായ മോദി 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

Article Categories:
India · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *