മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും: കേരളത്തിന് മുന്നറിയിപ്പ് നൽകിയാണ് വെള്ളം തുറന്നുവിട്ടതെന്ന് തമിഴ്നാട്

December 15, 2021
83
Views

കൊച്ചി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരളം നൽകിയ അപേക്ഷയാണ് കോടതി പരിഗണിക്കുക. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്നാണ് ആവശ്യം. ഒഴുക്കേണ്ട വെള്ളത്തിന്‍റെ അളവ് തീരുമാനിക്കാൻ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതിക്ക് രൂപം നൽകണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന്‍റെ പരാതി തള്ളി ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി ഫയൽ ചെയ്തിട്ടുണ്ട്. കേരളത്തിന് കൃത്യമായ സമയങ്ങളിൽ മുന്നറിയിപ്പ് നൽകിയാണ് വെള്ളം തുറന്നുവിട്ടതെന്ന് അതിൽ തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നു. വെള്ളം കയറിയെന്ന് പറയുന്ന വീടുകൾ പെരിയാര്‍ തീരത്തു നിന്ന് എത്ര അകലെയെന്ന് കേരളം പറയുന്നില്ല, പെരിയാര്‍ തീരത്ത് കയ്യേറ്റമില്ലെങ്കിൽ ഒരു നാശനഷ്ടവും ഉണ്ടാകില്ലെന്നും തമിഴ്നാട് വാദിക്കുന്നു.

പെരിയാർ തീരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കേരളം നടപടിയെടുക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. മേൽനോട്ട സമിതി ഉണ്ടായിരിക്കെ മറ്റൊരു സമിതിയുടെ ആവശ്യമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ നിലപാട്. ജസ്റ്റിസ് എഎം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *