ന്യൂ ഡെൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കാനുള്ള ബില്ലിനാണ് ഇന്നലെ ഡെൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഈ ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വിവാഹപ്രായം ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
നിലവിൽ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേന്ദ്രസർക്കാർ ബില്ല് പാസ്സാക്കാൻ ശ്രമിക്കുന്നത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന.
കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബർ 2020-ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.
സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിർദേശങ്ങൾ നൽകിയതെന്ന് സമിതി അധ്യക്ഷ ജയ ജയ്‍റ്റ്‍ലി വിശദീകരിക്കുന്നു. ജനസംഖ്യാനിയന്ത്രണം ഉദ്ദേശിച്ചുള്ളതല്ല നിയന്ത്രണങ്ങൾ. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും കൃത്യമായ രീതിയിൽ ബോധവത്കരണം നടത്തണമെന്നും, ലൈംഗികവിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. പോളിടെക്നിക്കുകളിലും മറ്റ് നൈപുണ്യശേഷീവികസന ഇൻസ്റ്റിറ്റ്യൂട്ടുകളിലും വനിതകൾക്കുള്ള പപവേശനം കൂട്ടണമെന്നും, ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന ഉദ്ദേശം നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നുമാണ് സമിതിയുടെ നിർദേശം.
”പെൺകുട്ടികൾ സാമ്പത്തികമായി സ്വതന്ത്രരായാൽ വളരെ നേരത്തേ തന്നെ അവരെ വിവാഹം കഴിപ്പിച്ചയക്കണോ എന്ന കാര്യത്തിൽ മാതാപിതാക്കൾ രണ്ട് വട്ടം ചിന്തിക്കും”, ജയ ജയ്‍റ്റ്ലി പറയുന്നു. 1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് (1929) ഭേദഗതി ചെയ്തായിരുന്നു ഇത്.