കോട്ടയം: മലിനീകരണ നിയന്ത്രണബോർഡ് എൻവൈയറൺമെന്റൽ എൻജിനീയർ കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. കോട്ടയം ജില്ലാ എൻവൈറൺമെന്റൽ എൻജിനീയർ എ.എം. ഹാരിസിനെയാണ് കിഴക്കൻമേഖല വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഇയാളുടെ ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 25 ലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. രാത്രി വൈകിയും പരിശോധന തുടർന്നു. കോട്ടയം-പാലാ പ്രവിത്താനത്തുള്ള സ്വകാര്യ ടയർ റീട്രെഡിങ് കമ്പനിയുടെ നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇതേ കാര്യാലയത്തിലെ മുൻ എൻവൈറയൺമെന്റൽ എൻജിനീയർ കമ്പനിയ്ക്ക് എതിരായുള്ള ശബ്ദമലിനീകരണ പരാതിയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കമ്പനിയുടമയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇയാൾ കേസിൽ രണ്ടാം പ്രതിയാണെന്ന് വിജിലൻസ് പറഞ്ഞു.
എ.എം. ഹാരിസിന് തിരുവനന്തപുരത്ത് വീട്, പന്തളത്ത് വീടും സ്ഥലവും, ആലുവയിൽ മൂന്ന് ബെഡ്റൂം ആഡംബര ഫ്ലാറ്റ് എന്നിവയുള്ളതായി വിജിലൻസ് സംഘം കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് രൂപ പിടിച്ചെടുത്തത്. കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി. മാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ റെജി എം.കുന്നിപ്പറമ്പൻ, ആർ.എസ്. രതീന്ദ്രകുമാർ, എസ്.ആർ. നിസാം, എസ്.ഐമാരായ ടി.കെ. അനിൽകുമാർ, ടി.എസ്. രാഘവൻകുട്ടി, കെ. സന്തോഷ് കുമാർ, എ.എസ്.ഐ. സ്റ്റാൻലി തോമസ്, അരുൺ ചന്ദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.