വിഴിഞ്ഞം: ജയില്‍ മോചിതനായ ശേഷം സുഹൃത്തായ സഹതടവുകാരന്റെ വീട്ടില്‍ നിന്ന് പണവും വാഹനവും കവര്‍ന്ന പ്രതി അറസ്റ്റില്‍. കള്ളിക്കാട് സ്വദേശി യൂസഫിനെയാണ് (47) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അബ്കാരി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അടിമലത്തുറ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ 50000 രൂപ, ബൈക്ക്, മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവ കവര്‍ന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ബാറില്‍ നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് യൂസഫ് ജയിലിലായത്. ഇവിടെ വച്ചാണ് ഇയാള്‍ അടിമലത്തുറ സ്വദേശിയെ പരിചയപ്പെടുന്നത്. ഇയാളില്‍ നിന്ന് യൂസഫ് വീട്ടിലെ കാര്യങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവുമെല്ലാം തന്ത്രത്തില്‍ ചോദിച്ച് മനസിലാക്കി. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സഹതടവുകാരന്റെ അടിമലത്തുറയിലെ വീട്ടിലെത്തി വീട്ടുകാരുമായി പരിചയം സ്ഥാപിച്ചു.
സുഹൃത്തിന് ജാമ്യം ലഭിക്കാന്‍ പണവും രേഖകളും വേണമെന്നും സൂക്ഷിച്ച സ്ഥലം പറഞ്ഞുതന്നിട്ടുണ്ടെന്നും വീട്ടുകാരെ വിശ്വസിപ്പിച്ച് ശേഷം പണവും രേഖകളും ബൈക്കും കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യംകിട്ടി സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെക്കൊണ്ടുതന്നെ യൂസഫിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.