മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസ്: സീനിയർ എൻവയോൺമെന്‍റല്‍ എഞ്ചിനീയര്‍ ജോസ് മോന്‍ ഒളിവിലെന്ന് വിജിലന്‍സ്

December 17, 2021
303
Views

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ ആരോപണ വിധേയനായ സീനിയർ എൻവയോൺമെന്‍റല്‍ എഞ്ചിനീയര്‍ ജോസ് മോന്‍ ഒളിവിലെന്ന് വിജിലന്‍സ്. ജോസ് മോനെ കണ്ടെത്താൻ വിജിലൻസ് പൊലീസിന്റെ സഹായം തേടി. ജോസ് മോന്‍റേത് അനധികൃത സമ്പാദ്യമെന്നും ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു. ജോസ് മോന്‍റെയും നേരത്തെ അറസ്റ്റിലായ ഹാരിസിന്റെയും സമ്പാദ്യങ്ങളെ പറ്റി പ്രത്യേക സംഘം പരിശോധന നടത്തും.

ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തു.

ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ജോസ് മോന്‍റെ വീട്ടില്‍ ഇന്നലെ റെയ്ഡ് നടത്തിയത്.

ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്‍റെ ഉടമയിൽ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഹാരിസിന്‍റെ ആലുവയിലെ ആഡംബര ഫ്ളാറ്റിൽ നടത്തിയ റെയ്ഡില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്.

ഓരോ കവറിലും അൻപതിനായിരത്തോളം രൂപയുണ്ടായിരുന്നു. ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്‍റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു. ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ഇത് ആദ്യമെന്നായിരുന്നു വിജിലൻസ് സംഘം പറഞ്ഞത്. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *