ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹപ്രായം 18; മുസ്ലിം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റം, എതിർപ്പുമായി മുസ്ലിം ലീ​ഗ്

December 17, 2021
117
Views

ന്യൂദല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ മുസ്‌ലിം ലീഗ്. മുസ് ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണ് നീക്കമെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വിവാഹപ്രായം 21 ആക്കുന്നതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ലീഗ് നോട്ടീസ് നല്‍കി. ‘വിവാഹം കഴിക്കാതെ തന്നെ കൂടെ ജീവിക്കുന്നതിന് സാധൂകരണം നല്‍കുന്ന രാജ്യമാണ് ഇത്. അങ്ങനെയൊരു സമയത്ത് ഇത്തരത്തിലൊരു അജണ്ടയുമായി വരുന്നതിന് എന്തെങ്കിലും ലോജിക് ഉണ്ടോ,’ ഇ.ടി. ചോദിച്ചു.അതേസമയം ലിവിംഗ് ടുഗെദറിനോടൊക്കെ വിയോജിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

‘വിവാഹപ്രായം കൂട്ടിയാല്‍ പഠനം കൂടുമെന്നൊക്കെ പറയുന്നുണ്ട്. അതൊന്നും യുക്തിഭദ്രമായിട്ടുള്ള കാര്യമല്ല അതൊന്നും. നമ്മുടെ നാട്ടില്‍ വിവാഹം കഴിഞ്ഞിട്ട് എത്രയോ കുട്ടികള്‍ പഠിക്കുന്നുണ്ട്,’ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹപ്രായം 18 ലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടയിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍, ജനസംഖ്യാനിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയവ ലക്ഷ്യം വച്ചാണ് നടപടി.

പ്രായപരിധി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ശൈശവ വിവാഹ നിരോധന നിയമത്തിലാകും ആദ്യം ഭേദഗതി വരുത്തേണ്ടത്. നിലവില്‍ പുരുഷന്മാരുടെ കുറഞ്ഞ വിവാഹപ്രായം 21 വയസാണ്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *