ഒമൈക്രോണ്‍ തരംഗം ഇന്ത്യയിലുമുണ്ടാവും: ഫെബ്രുവരിയില്‍ മാരകമാവുമെന്ന് വിദഗ്ധര്‍

December 22, 2021
166
Views

ന്യൂ ഡെൽഹി: 2022ല്‍ ഇന്ത്യയും ഒമൈക്രോണ്‍ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍ ഇത് വളരെ തീവ്രതയേറിയത് ആയിരിക്കില്ല. ചെറിയ തീവ്രതയിലുള്ള തരംഗമാണ് ഇന്ത്യയിലുണ്ടാവുക. ഫെബ്രുവരിയോടെ അത് പീക്കിലെത്തുമെന്നും ഇവര്‍ പറയുന്നു. ഇപ്പോഴുള്ള ഒമൈക്രോണ്‍ വ്യാപനത്തിന്റെ വേഗത വിലയിരുത്തിയാണ് ഇന്ത്യയില്‍ ഒമൈക്രോണ്‍ തരംഗമുണ്ടാക്കുമെന്ന് ഇവര്‍ പറയുന്നത്. വളരെ മോശം സാഹചര്യത്തില്‍ പോലും ഒന്നര ലക്ഷം മുതല്‍ 1.8 ലക്ഷം കേസുകള്‍ വരെയാണ് ഫെബ്രുവരിയില്‍ ഉണ്ടാവുക. ഇത് സംഭവിക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് ലഭിച്ച പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടന്ന് രോഗം ഗുരുതരമാക്കാന്‍ ഒമൈക്രോണിന് സാധിക്കണം. നിലവിലെ പഠനങ്ങള്‍ അത്തരമൊരു സാധ്യത മുന്നില്‍ കാണുന്നുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന് സമാനമായ വേഗവും വ്യാപനവുമാണ് ഇന്ത്യയിലും സംഭവിക്കുകയെന്ന് ആരോഗ്യ വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. വളരെ വേഗത്തിലായിരിക്കും ഒമൈക്രോണിന്റെ വ്യാപനം സംഭവിക്കുക. അതേ വേഗത്തില്‍ തന്നെ ഏറ്റവും രൂക്ഷതയില്‍ നിന്ന് താഴോട്ടിറങ്ങുക. മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം അതിരൂക്ഷമായത്. ഇപ്പോള്‍ അവിടെ കേസുകള്‍ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും മനീന്ദ്ര വ്യക്തമാക്കി. ഡിസംബര്‍ പതിനഞ്ചിനാണ് ഏറ്റവും ഉയര്‍ന്ന ഒമൈക്രോണ്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ രേഖപ്പെടുത്തിയത്. 23000ത്തോളം കേസുകളാണ് അന്ന് രേഖപ്പെടുത്തിയത്. അതിന് ശേഷം കേസുകള്‍ 20000 താഴേക്ക് പോവാന്‍ തുടങ്ങി. എന്നാല്‍ മരണനിരക്ക് ഇപ്പോഴും ഇരട്ടയക്കത്തിലാണ്. ഇപ്പോള്‍ അത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചത് തന്നെ ഇന്ത്യയിലും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏത് അളവിലായിരിക്കും ഒമൈക്രോണ്‍ പ്രതിരോധത്തെ മറികടക്കുകയെന്ന് വ്യക്തമല്ല. നിത്യേനയുള്ള കൊവിഡ് കേസുകളില്‍ പകുതിയും അമേരിക്കയിലും ബ്രിട്ടനിലും നിന്നുള്ളതാണ്. മരണനിരക്കില്‍ 20 ശതമാനവും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്. ഈ രണ്ടിടത്തും സാഹചര്യം ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ ഇരുപതിന് ഒമൈക്രോണ്‍ കേസുകള്‍ 45000 പിന്നിട്ടെന്ന് ബ്രിട്ടന്‍ പറഞ്ഞു. ഇതില്‍ 129 പേര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. 14 പേര്‍ ഒമൈക്രോണ്‍ ബാധിച്ച് മരിച്ചു.

ഡെല്‍റ്റയിലൂടെ അടക്കം കാണാതിരുന്ന തരത്തിലുള്ളതാണ് ഇപ്പോഴത്തെ കുതിപ്പ്. തീവ്ര തരംഗം എന്ന് തന്നെ വിശേഷിപ്പിക്കാം. നിത്യേനയുള്ള കേസുകള്‍ പരിശോധിക്കുമ്പോള്‍ 61 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാവുന്നത്. അതേസമയം മരണനിരക്കില്‍ കുറവുണ്ട്. അഞ്ച് ശതമാനത്തോളമാണ് കുറവ്. ജനുവരി ആദ്യ വാരത്തില്‍ തന്നെ ഒമൈക്രോണ്‍ തരംഗം അതിതീവ്രമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആശുപത്രിയിലേക്ക് എത്തുന്ന തീവ്ര ലക്ഷണമുള്ള രോഗികളുടെ എണ്ണം 1200 കവിയുമെന്നും, 137 മരണങ്ങള്‍ വരെ എത്തുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. ഈ കണക്കുകള്‍ ഇപ്പോഴത്തെ നില അനുസരിച്ചാണ്. കേസുകള്‍ അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ വര്‍ധിച്ചാല്‍ കേസുകള്‍ ഇപ്പോള്‍ പറഞ്ഞതിനും അപ്പുറത്തേക്ക് പോകും.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *