ജറുസലേം: ഇസ്രയേലിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടയിലാണിത്. നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഒമിക്രോൺ മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചത്.
ഇസ്രയേലിലെ ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ വെച്ചാണ് 60 കാരൻ മരിച്ചത്. രണ്ടാഴ്ചയായി ഇയാൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ 60 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. ആദ്യമായി വാക്സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രയേൽ. ഇതിന് പിന്നാലെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാലാം ഡോസ് വാക്സിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.
അതേസമയം ഒമിക്രോൺ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം കണ്ടെത്താൻ വേണ്ടി അമേരിക്കയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സർക്കാർ 500 മില്യൺ സൗജന്യ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നാണ് ജോ ബൈഡൻ വ്യക്തമാക്കിയത്.
ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിലവിലുള്ള സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 90,629 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ബോറിസ് ജോൺസൺ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസിൻറെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. രാജ്യത്ത് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അയച്ച കത്തിൽ വ്യക്തമാക്കുന്നത്.