പി.ടി. തോമസിന് നാടിൻ്റെ യാത്രാമൊഴി

December 23, 2021
456
Views

കൊച്ചി: പി.ടി. തോമസ് എംഎൽഎയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അദ്ദേഹത്തിന് അന്ത്യമോപച്ചരം അർപ്പിക്കാൻ രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ്ഉമ്മൻചാണ്ടി, നടൻ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയ തുടങ്ങി നിരവധി പേർ എത്തിയിരുന്നു.

എറണാകുളം ടൗൺഹാളിലെത്തിയ രാഹുൽ ഗാന്ധി. പി.ടി. തോമസിന്റെ ഭാര്യ ഉമയോടും മക്കളായ വിഷ്ണുവിനോടും വിവേകിനോടും ഏറെ നേരം സംസാരിച്ചു. ഭാര്യ ഉമയേയും മകനെയും നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണ് രാഹുൽ അന്ത്യഞ്ജലി അര്‍പ്പിച്ച്‌ മടങ്ങിയത്.

ഉറച്ച നിലപാടുകളും തളരാത്ത പോരാട്ട വീര്യവുമുള്ള പി.ടി.തോമസ് എന്നും ഒരു പോരാളിയായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. പി.ടി. തോമസുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും അകല്‍ച്ച ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു.

പി ടി തോമസിൻ്റെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.

ആയിരക്കണക്കിന് അണികളാണ് ടൗൺഹാൾ പരിസരത്ത് പ്രിയനേതാവിന് വിടനൽകാൻ എത്തിച്ചേർന്നത്. പി.ടിയെ ഒരു തവണ അറിഞ്ഞവര്‍പ്പോലും കണ്ണീരണിഞ്ഞ് മടങ്ങി. ആത്മബന്ധത്തിന്റെ ആഴം തടിച്ചുകൂടിയവരുടെ കണ്ണുകളില്‍ നിറഞ്ഞൊഴുകി. തൃക്കാക്കര കമ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിന് ശേഷം അല്പസമയത്തിനകം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.

മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ ഒരു മാസം മുൻപ് പി.ടി. തോമസ് അറിയിച്ച് രേഖപ്പെടുത്തിവച്ചിരുന്നു. കണ്ണുകൾ ദാനം ചെയ്യണം, മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മം ഉപ്പുതോടിൽ അമ്മയുടെ കുഴിമാടത്തിൽ ഇടണം, മൃതദേഹത്തിൽ പൂക്കളോ, പുഷ്പചക്രമോ പാടില്ല, അന്ത്യോപചാര സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പാട്ട് മൃദുവായ ശബ്ദത്തിൽ കേൾപ്പിക്കണം എന്നിവയായിരുന്നു നിർദേശങ്ങൾ.

ആത്മസുഹൃത്തും കെഎസ്‌സി മുൻ സംസ്ഥാന പ്രസിഡന്റുമായ ഡിജോ കാപ്പനെ ഫോണിൽ വിളിച്ചു കഴിഞ്ഞ മാസം 22നാണ് പി.ടി.തോമസ് അന്ത്യാഭിലാഷം രേഖപ്പെടുത്തിയത്. ‘പേടി കൊണ്ടൊന്നുമല്ല, നമ്മൾ എന്നാണെങ്കിലും പോകേണ്ടവരല്ലേ, ആരെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ അറിയേണ്ടേ…’ എന്നു പറഞ്ഞ് 5 ആഗ്രഹങ്ങളും അറിയിച്ചു. എഴുതിയത് വായിച്ചു കേൾപ്പിക്കാനും പറഞ്ഞു. ഡിജോ അപ്രകാരം ചെയ്തു. തൽക്കാലം ആരോടും പറയേണ്ടെന്നും മരണ ശേഷം ഉമയെ അറിയിച്ചാൽ മതിയെന്നുമായിരുന്നു നിർദേശം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *