കൊച്ചി: കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്ബില് രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന. ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്ക കടവിനു സമീപത്തുനിന്നാണ് വിദ്യാര്‍ഥിനിയെ കാണാതായത്.
അഗ്നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് തടിക്ക കടവിനു സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച സ്കൂളില്‍ പോയ നന്ദനയെ വൈകിട്ട് മൂന്നു മണിയോടെയാണു കാണാതായത്. കുട്ടിയുടെ സ്കൂള്‍ ബാഗ് പെരിയാര്‍ തീരത്തു നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കുട്ടി പെരിയാര്‍ തീരത്തേക്കു പോകുന്നതു കണ്ടെത്തിയിരുന്നു.