ട്രാൻസ്മെൻ ആയ ബെന്നറ്റ് ഒരു വർഷം മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. ആ കുഞ്ഞിന്റെ ഡാഡയായ തന്നെ ആളുകൾ അമ്മ എന്ന് വിശേഷിപ്പിക്കുന്നത് കേൾക്കുമ്പോൾ അയാൾക്ക് അസ്വസ്ഥത തോന്നും. താൻ ഒരു ട്രാൻസ്മെൻ(Transgender man) ആണ് എന്നും കുഞ്ഞിന്റെ ഡാഡയാണ് എന്നും ബെന്നറ്റ് ആവർത്തിച്ച് പറയുന്നു. ലോസ് ഏഞ്ചൽസിൽ നിന്നുള്ള 37 -കാരനായ ബെന്നറ്റ് കാസ്പർ വില്യംസ്(Bennett Kaspar-Williams), താൻ ശരിക്കും ആരാണ് എന്ന് തിരിച്ചറിഞ്ഞത് പത്തു വര്‍ഷം മുമ്പാണ്, 2011 -ൽ. പക്ഷേ, മൂന്നുനാലുവര്‍ഷം മുമ്പാണ് ആ യാത്ര ശരിക്കും ആരംഭിച്ചത്. 2017 -ലാണ് ഭാവിഭര്‍ത്താവായ മാലിക്കിനെ കണ്ടെത്തുന്നത്. 2019 -ല്‍ ഇരുവരും വിവാഹം ചെയ്തു.
തങ്ങൾക്ക് കുട്ടികള്‍ വേണമെന്ന് ദമ്പതികൾ തീരുമാനിച്ചു. കൂടാതെ തങ്ങൾക്ക് ലഭ്യമായ വഴികളും എല്ലാം നന്നായി നോക്കുകയും ചെയ്തു. അങ്ങനെ, താന്‍ സ്വീകരിച്ചുകൊണ്ടിരുന്ന ഹോര്‍മോണ്‍ ചികിത്സ ബെന്നറ്റ് താല്‍ക്കാലികമായി നിര്‍ത്തി. ശരീരത്തിന്റെ മുകൾഭാഗത്ത് ശസ്ത്രക്രിയ നടത്തിയെങ്കിലും ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയിട്ടില്ലാത്ത ബെന്നറ്റ്, ഗർഭം ധരിക്കാനും ഒരു കുട്ടിയെ വഹിക്കാനും ശ്രമിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. പിന്നീട്, ബെന്നറ്റ് ഗര്‍ഭം ധരിക്കുകയും 2020 ഒക്ടോബറില്‍ മകനായ ഹഡ്സണിന് ജന്മം നല്‍കുകയും ചെയ്തു.
ഹോർമോൺ ചികിത്സ ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം, 2015 -ലാണ്, ബെന്നറ്റ് തന്റെ സ്തനങ്ങൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നത്. പെൺ സ്തനങ്ങൾ ഉള്ളതിൽ താൻ എത്രമാത്രം അസന്തുഷ്ടനാണെന്ന് മനസ്സിലാക്കിയാണ് ബെന്നറ്റ് ഓപ്പറേഷന് തയ്യാറെടുക്കുന്നത്. ‘അത് ശരിക്കും വിമോചനമായിരുന്നു. ഇത് ഞാൻ ചെയ്യേണ്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നൽ ഉണ്ടായിരുന്നു, പക്ഷേ ചില ട്രാൻസ് ആളുകളെപ്പോലെ എനിക്ക് ഒരിക്കലും എന്റെ സ്തനങ്ങളോട് സ്വയം വെറുപ്പ് തോന്നിയിട്ടില്ല’ എന്നും അദ്ദേഹം പറയുന്നു. തനിക്ക് ചില ശരീരഭാഗങ്ങളെക്കുറിച്ച് ഡിസ്ഫോറിയ ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല. എന്നാല്‍ അത് പോയിക്കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസമായി എന്നും ബെന്നറ്റ് പറയുന്നു.
എങ്കിലും ഗര്‍ഭം ധരിക്കുക, കുഞ്ഞിന് ജന്മം നല്‍കുക എന്നതൊന്നും അത്ര പെട്ടെന്ന് എടുക്കാന്‍ പറ്റിയ തീരുമാനമായിരുന്നില്ല ബെന്നറ്റിനെ സംബന്ധിച്ച്. കുട്ടിക്ക് ജന്മം നല്‍കാനുള്ള വെറും ടൂള്‍ മാത്രമായി ശരീരത്തെ കാണാന്‍ കഴിഞ്ഞ ശേഷം മാത്രമാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. തനിക്ക് താനാഗ്രഹിക്കുന്ന പോലെ ഒരാളായിരിക്കാം എന്നും എന്നാല്‍ തങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാമെന്ന് തനിക്ക് മനസിലായി എന്നും ബെന്നറ്റ് പറയുന്നു. ‘സ്ത്രീകളെ മാതൃത്വവുമായി ചേര്‍ത്ത് വായിക്കുന്നത് നിര്‍ത്തണം. എല്ലാ സ്ത്രീകളും അമ്മമാരാവണമെന്നില്ല. എല്ലാ സ്ത്രീകളും കുട്ടികളെ ഗര്‍ഭം ധരിക്കുന്നവരാവണമെന്നില്ല. കുട്ടികളെ ഗര്‍ഭം ധരിക്കുന്ന എല്ലാവരും അമ്മമാരാവണം എന്നുമില്ല’ എന്ന് ബെന്നറ്റ് പറയുന്നു. 2020 മാര്‍ച്ചിലാണ് താന്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്ന് ബെന്നറ്റ് തിരിച്ചറിയുന്നത്. സ്വാഭാവികമായിരുന്നു ഗര്‍ഭധാരണം. എന്നാല്‍, ആ സമയത്ത് കൊവിഡിന്റെ വ്യാപനവും ലോക്ക്ഡൗണുമെല്ലാം ആശങ്കയുണ്ടാക്കി. 2020 ഒക്ടോബറിൽ സിസേറിയനിലൂടെ അദ്ദേഹം പ്രസവിച്ചു, ഹഡ്സൺ എന്ന് പേരുള്ള ഒരു ആൺകുഞ്ഞ് പിറന്നു. എന്നിട്ടും ആശുപത്രിയില്‍ പോലും താടിയുണ്ടായിട്ടും സ്തനങ്ങളില്ലാതെയിരുന്നിട്ടും തന്നെ സ്ത്രീയായി കണക്കാക്കിയത് അസ്വസ്ഥതയുണ്ടാക്കി എന്നും ബെന്നറ്റ് പറയുന്നു. ‘സ്തനങ്ങളില്ലാതിരുന്നിട്ടും താടിയുണ്ടായിട്ടും കാണാന്‍ പുരുഷനായിത്തന്നെ ഇരുന്നിട്ടും ആളുകളെന്നെ അമ്മ എന്ന് സംബോധന ചെയ്യുന്ന മാം എന്ന് വിളിക്കുന്നു’ എന്ന് ബെന്നറ്റ് പറയുന്നു. ഗര്‍ഭിണിയായതുകൊണ്ട് തന്നിലെന്തെങ്കിലും സ്ത്രൈണതയുണ്ടായി തോന്നിയില്ല. ഈ കൊവിഡിനിടയിലും ആശുപത്രിയില്‍ പോവുകയും കുഞ്ഞിനെ ഗര്ഭത്തിലായിരിക്കുകയും പ്രസവിക്കുകയും ചെയ്തത് താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ധീരമായ കാര്യമാണ് എന്ന് ബെന്നറ്റ് പറയുന്നു. ‘ഞാനൊരു പിതാവാണ്, എന്റെ കുഞ്ഞിന് ഞാന്‍ തന്നെയാണ് ജന്മം നല്‍കിയത് ഇങ്ങനെ പറയുന്നതിനോളം ധീരമായി മറ്റൊന്നിനെയും ഞാന്‍ കാണുന്നില്ല’ എന്നും അദ്ദേഹം പറയുന്നു. ഡാഡാ എന്ന് വിളിച്ച് ഹഡ്സണ്‍ തന്റെ ചുറ്റിനുമുണ്ടാകുമ്പോള് അതിനേക്കാള്‍ വലിയ സന്തോഷമില്ല. അതാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്നും ബെന്നറ്റ് പറയുന്നു. ‘എന്റെ മകനെ സംബന്ധിച്ചിടത്തോളം, ഒരു ഡാഡയും പപ്പയും ഉള്ളതിനേക്കാൾ സ്വാഭാവികവും സാധാരണവുമായ മറ്റൊന്നില്ല. അവന് പ്രായമാകുമ്പോൾ, അവനെ ഗര്‍ഭത്തില്‍ ചുമന്നത് തന്റെ ഡാഡയാണെന്നും അതിലൂടെയാണ് അവനീ ലോകത്തേക്കെത്തിയത് എന്ന് അവനും അറിയും. അത് അവന് അംഗീകരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്’ ബെന്നറ്റ് പറയുന്നു.