മൊഹാലി: ഇനി ക്രിക്കറ്റിൽ ഹർഭജൻ സിങ്ങിന്റെ സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ് വ്യക്തമാക്കി. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹർഭജൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ താരം 2011 ഏകദിന ലോകകപ്പും 2007 ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
‘എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തിൽ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാൻ വിട പറയുകയാണ്. 23 വർഷത്തെ കരിയർ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.’ ഹർഭജൻ ട്വീറ്റ് ചെയ്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുണ്ടായിരുന്ന കരാറാണ് വിരമിക്കൽ തീരുമാനം വൈകിപ്പിച്ചതെന്നും ഹർഭജൻ വ്യക്തമാക്കി.
2001 മാർച്ചിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹർഭജന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്. അന്ന് മൂന്നു ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന ചരിത്രനേട്ടവും ഹർഭജൻ സ്വന്തമാക്കി
1998-ൽ ഷാർജയിൽ നടന്ന ന്യൂസീലൻഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹർഭജൻ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിത്. 2016-ൽ ധാക്കയിൽ നടന്ന യു.എ.ഇയ്ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലാതിരുന്നപ്പോഴും ഹർഭജൻ ഐപിഎല്ലിൽ തിളങ്ങിനിന്നു. 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ ഐപിഎല്ലിൽ വീഴ്ത്തി. 2008 മുതൽ മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന താരത്തിന്റെ പ്രകടനം ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായി. 2013-ൽ മുംബൈ ആദ്യ ഐപിഎൽ കിരീടം നേടിയപ്പോൾ 23 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015-ൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ 24 പന്തിൽ 64 റൺസ് അടിച്ചു. പത്തു വർഷത്തോളം മുംബൈയിൽ കളിച്ച താരം പിന്നീട് ചെന്നൈ സൂപ്പർ കിങ്സിന്റെ തട്ടകത്തിലെത്തി. 2018-ൽ ചെന്നൈയ്ക്കായി 13 മത്സരങ്ങൾ കളിച്ചു. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ താരം മൂന്നു മത്സരങ്ങൾ മാത്രമാണ് കളിച്ചത്.