ആലപ്പുഴ : ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് പിണറായി വിജയന് ആര്‍എസ്എസിനെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്. ആ ശ്രമം പലരും പല കാലങ്ങളിലും നടത്തിയിട്ടുളളതാണ്. പിണറായി ശ്രമിച്ചാലും അതില്‍ കൂടുതലൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എസ്ഡിപിഐയിലെയും ആര്‍എസ്എസിലെയും ക്രിമിനല്‍ പശ്ചാത്തലമുളള ആളുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ക്രമിനല്‍ പശ്ചാത്തലമുളള ആളുകളെ കണ്ടുപിടിക്കാന്‍ പറ്റുക സിപിഎമ്മിലാണ്. കാരണം കേരളത്തിലെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കന്മാരെയും അണികളെയും കൊല ചെയ്തിട്ടുളള പാര്‍ട്ടിയാണ് സിപിഎം.ക്രിമിനല്‍ പശ്ചാത്തലമുളള എല്ലാ ക്രിമിനലുകളെയും കണ്ടുപിടിക്കട്ടെ. അതിന് പകരം എസ്ഡിപിഐയെയും ആര്‍എസ്എസിനെയും ഉപമിച്ച് രണ്ട് സംഘടനകളും ഒരേ തരത്തിലുളളതാണെന്നും ഭീകരവാദികളാണെന്നും ചിത്രീകരിച്ച് ആര്‍എസ്എസിനെ ജനമദ്ധ്യത്തില്‍ അപമാനിക്കാനുളള ശ്രമം അവസാനിപ്പിക്കണം’- മുരളീധരന് പറഞ്ഞു.
ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നുംഅദ്ദേഹം പറഞ്ഞു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുരളീധരന് പറഞ്ഞു