കിഴക്കമ്പലം കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു, ജീപ്പ് കത്തിച്ചു

December 26, 2021
260
Views

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സംഘർഷം. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികൾ ചേർന്ന് അടിച്ചു തകർത്തു. പോലീസുകാർക്ക് ക്രൂരമായ മർദനമേറ്റു. തുടർന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികൾ അഗ്നിക്കിരയാക്കി. പോലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എ.എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്കും പരിക്കേറ്റു.

മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചവരെ പോലും ഇവർ മർദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്കുനേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തു. തുടർന്ന് ആലുവ റൂറൽ എസ്.പി കാർത്തിക്കിന്റെ നേതൃത്വത്തിൽ 500 ഓളം പോലീസുകാർ സ്ഥലത്തെത്തി. ഇവർ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *