എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസില്‍ 150 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കിറ്റക്സ് കമ്പനി തെഴിലാളികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പിലാണ് ആക്രമണം നടന്നത്. ലേബര്‍ ക്യാമ്പിലെ തൊഴിലാളികളില്‍ ചിലര്‍ സ്ഥിരം പ്രശ്നക്കാരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ ആക്രമം നടക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ആക്രമം ഉണ്ടായി.
ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടക്കുന്ന സാധാരണ സംഘര്‍ഷമാണെന്നാണ് പൊലീസ് കരുതിയത്. അതിനാല്‍ കുന്നത്ത് നാട് സിഐ ഷാജു അടക്കമുള്ള അഞ്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. പക്ഷെ അവിടെ പൊലീസിന് കാണാന്‍ കഴിഞ്ഞത് ചേരി തിരിഞ്ഞ് നിന്ന് പരസ്പരം പോര്‍വിളിക്കുന്ന നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളി സംഘത്തെയാണ്.ഇവർ പെലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു.
പൊലീസ് വാഹനത്തില്‍ നിന്നും ഇവരെ പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ ഡോര്‍ ചവിട്ടിപ്പിടിച്ച ശേഷം ജീപ്പിന് തീയിട്ടു. ഇതിനിടയില്‍ പൊലീസുകാര്‍ ഇറങ്ങി ഓടുകയായിരുന്നു. പൊലീസുകാരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസി കണ്ട്രോള് റൂമിലേക്ക വിളിച്ചു പറഞ്ഞതോടെയാണ് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാര്‍ എത്തിയത്. മറ്റ് സ്റ്റേഷന്‍പരിധിയില്‍ നിന്നുള്‍പ്പെടെ പൊലീസെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.