കേപ്ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിന് എതിരായ പോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ച ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു.
1984 ൽ സമാധാന നൊബേൽ പുരസ്കാരം നൽകി ലോകം ആദരിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് ഡെസ്‌മണ്ട് ടുട്ടുവിന്‍റെ മരണവിവരം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയെ വർണ വിവേചനത്തിൽ നിന്ന് സ്വതന്ത്രമാക്കിയ മഹാനെയാണ് നഷ്ടമായതെന്ന് സിറിൽ റാമഫോസ അനുസ്മരിച്ചു.
നെൽസൻ മണ്ടേല കഴിഞ്ഞാൽ കറുത്ത വർഗ്ഗക്കാർക്കായുള്ള പോരാട്ടത്തിൽ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്‌മണ്ട് ടുട്ടുവിന്‍റേത് ആയിരുന്നു. ആംഗ്ലിക്കൻ ബിഷപ്പായ അദ്ദേഹം മതത്തെ മനുഷ്യ വിമോചനത്തിനുള്ള പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. ഡെസ്മണ്ട് ടുട്ടുവിന്‍റെ പോരാട്ടം ലോകമെങ്ങും മതത്തിനുള്ളിലെ പുരോഗമന ശബ്ദങ്ങൾക്ക് കരുത്ത് പകർന്നിരുന്നു. നിര്യാണത്തിൽ വിവിധ രാഷ്‌ട്ര നേതാക്കൾ അനുശോചിച്ചു.