ന്യൂ ഡെൽഹി: കൊറോണ വാക്സിനുകളായ കോവസിനും കോവിഷീൽഡിനും പുറമേ, കൊവോവാക്സിനും കോർബെവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡിസിജിഐ (DCGI) വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇവയ്ക്ക് അനുമതി ഉടൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് കൊവോവാക്സിൻ. കോർബെവാക്സിൻ നിർമ്മാതാക്കൾ ബയോളജിക്കൽ ഇ ആണ്. കൊറോണ ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. മരുന്നുകൾക്ക് വേണ്ടിയുള്ള കൊറോണ വിദഗ്ധ സമിതി ആണ് ഇക്കാര്യം ശുപാർശ ചെയ്തത്. മൂന്ന് ശുപാർശകളും ഡി സി ജി ഐ യുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.
അതേസമയം, കൗമാരക്കാരിലെ വാക്സിനേഷനും കരുതൽ ഡോസ് വിതരണവും ചർച്ച ചെയ്യാൻ ഇന്ന് ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ചീഫ് സെക്രട്ടറിമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും.
രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 600നോട് അടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചു. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.