തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമെന്ന നിലപാടില്‍ കെപിസിസി തൂരിനോട് വിശദീകരണം ചോദിച്ചത് ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞതിന് ശേഷം. തരൂരിന്റെ വ്യക്തിഗത മികവുകള്‍ അംഗീകരിക്കുമ്ബോഴും അദ്ദേഹവും പാര്‍ട്ടിക്ക് കീഴ്പ്പെട്ട് നില്‍ക്കണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. അവരുടെ താല്പര്യം കൂടി കണക്കിലെടുത്താണ് തരൂരിന്റെ വിശദീകരണം തേടിയിട്ടുള്ളത്.
നേരത്തെ ജി 23 ടീമുമായി തരൂര്‍ വലിയ അടുപ്പം പുലര്‍ത്തുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയതീതമായി ബന്ധങ്ങളുള്ള തരൂരിനെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലായിരുന്നു ഹൈക്കമാന്‍ഡ്. തന്നെയുമല്ല, തരൂരിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ അത് ജി23 നേതാക്കള്‍ എതിര്‍ക്കുകയും ചെയ്യുമായിരുന്നു.
ഈ സാഹചര്യത്തില്‍ തരൂരിനെ ഒതുക്കാനുള്ള മികച്ച മാര്‍ഗമായാണ് കെപിസിസിയുടെ തീരുമാനത്തെ ഹൈക്കമാന്‍ഡ് കാണുന്നത്. തരൂരില്‍ നിന്നും വിശദീകരണം വാങ്ങി, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍ എന്ന സന്ദേശം നല്‍കണമെന്നാണ് ഹൈക്കമാന്‍ഡിനും താല്‍പ്പര്യം.
ശശി തരൂരിന്റെ പല നിലപാടും പാര്‍ട്ടിയെ വെട്ടിലാക്കുന്നതിനാല് അദ്ദേഹത്തെ തിരുത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിവില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രശ്നം വഷളാക്കാതെ തരൂരിനെ ഒപ്പം നിര്‍ത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. തരൂരിനോട് വിശദീകരണം ചോദിക്കുമെന്ന് പറയുമ്ബോഴും പ്രശ്നം അനാവശ്യ വിവാദത്തിലേക്ക് കൊണ്ടുപോകാതെ ഇരിക്കണമെന്നാണ് നേതൃത്വത്തിന്റെ താല്പര്യം.
അതേസമയം സമീപകാല വിവാദത്തില്‍ തരൂരും അസംതൃപ്തനാണ്. തന്റെ രാഷ്ട്രീയം മനസിലാക്കാതെ തന്നെ വിമര്‍ശിക്കുന്ന നിലപാടില്‍ അദ്ദേഹം കടുത്ത അമര്‍ഷത്തിലാണ്. ഈ ടേമോടെ ലോക്സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന തീരുമാനത്തിലാണ് തരൂര്‍.
കോണ്‍ഗ്രസ് വിടുന്നതടക്കമുള്ള രാഷ്ട്രീയ നിലപാട് തരൂര്‍ സ്വീകരിക്കാനിടയില്ലെന്നു തന്നെയാണ് വിവരം. പക്ഷേ ഇനി ലോക്സഭയിലേക്ക് മത്സരിക്കേണ്ടന്ന തീരുമാനം അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളുമായി അദ്ദേഹം സഹകരിക്കാനുള്ള സാധ്യതയും കുറവാണ്.