ന്യൂ ഡെൽഹി: കൊറോണ വ്യാപനം കൂടിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഡെൽഹി സർക്കാർ. കൊറോണ കർമ്മ പദ്ധതി പ്രകാരമുള്ള ലെവൽ വൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാകും ലെവൽ വണ്ണിൽ നിയന്ത്രണം ബാധകമാവുക.
സ്കൂളുകളും, കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി കുറയ്ക്കും. ബസുകളിലും, മെട്രോകളിലും 50 ശതമാനം യാത്രക്കാരെ മാത്രമാകും അനുവദിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
ഒറ്റ ദിവസത്തിൽ രാജ്യത്ത് രണ്ട് വാക്സീനും, ഒരു കൊറോണ മരുന്നിനും അനുമതി ലഭിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ അറിയിച്ചത്. കൊറോണ പോരാട്ടത്തിന് കരുത്തേകാൻ കൂടുതൽ വാക്സീനുകൾ ലഭിച്ചതിൽ ആരോഗ്യമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു. ഇതോടെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ച വാക്സീനുകളുടെ എണ്ണം എട്ടായി.
അമേരിക്കൻ കമ്പനിയായ നൊവോവാക്സ് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവോവാക്സ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഹൈദ്രാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ആണ് കൊർബെവാക്സ് തദ്ദേശീയമായി വികസിപ്പിക്കുന്നത്.
കൊറോണ വൈറസിൻറെ തന്നെ ഭാഗം ഉപയോഗിച്ച് വികസിപ്പിച്ച വാക്സീനുകളാണ് ഇവ രണ്ടും. ആദ്യമായാണ് രാജ്യത്തെ ഇത്തരം വാക്സീനുകൾക്ക് അനുമതി ലഭിക്കുന്നത്. പല ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങൾ പരിശോധിച്ച ഡിസിജിഐ യുടെ വിദഗ്ധ സമിതി അനുമതിക്ക് ശുപാർശ നൽകുകയായിരുന്നു.
ഗുരുതര ലക്ഷണങ്ങളുള്ള കൊവിഡ് രോഗികളിൽ ഉപയോഗിക്കാവുന്ന ക്യാപ്സൂൾ മരുന്നുകളാണ് മുൾനോപിറവിർ. 200 എംജി ക്യാപ്സൂളുകളായി അഞ്ച് ദിവസം കഴിക്കാവുന്ന മരുന്ന് മുതിർന്നവരിൽ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. പതിമൂന്ന് കമ്പനികളിലാവും മരുന്ന് ഉത്പാദിപ്പിക്കുക.
കൌമാരക്കാരിലെ വാക്സിനേഷനും, കരുതൽ ഡോസും വിതരണവും ചർച്ച ചെയ്യാൻ ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സംസ്ഥാനങ്ങിലെ ചീഫ് സെക്രട്ടറിമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. ഇതിനിടെ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 653 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.