തിരുവനന്തപുരം പേട്ട കൊലപാതകത്തില്‍ പ്രതിയായ സൈമണ്‍ ലാലിന്റ മൊഴി കളവെന്ന് പൊലീസ്. അനീഷിനെ പ്രതി തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി വഴങ്ങിയില്ലെന്നും പൊലീസ് വ്യക്തമാക്കി. അനീഷിനെ വിളിച്ചുവരുത്തിയാണ് സൈമണ്‍ ആക്രമിച്ചതെന്ന് മാതാപിതാക്കളും ആരോപിച്ചു.
അനീഷിനെ സൈമണ്‍ ലാല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അനീഷിന്റെ അമ്മ ഡോളി പറഞ്ഞു. തന്റെ ഫോണിലേക്കും കോള്‍ വന്നിരുന്നു. പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകാനാണ് പറഞ്ഞത്.
മനപൂര്‍വം വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് അനീഷിന്റെ അച്ഛന്‍ ജോര്‍ജ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് അവര്‍ വിളിച്ചത്. ഫോണ്‍ വന്നതുകൊണ്ടാണ് മോന്‍ അങ്ങോട്ട് പോയത്. സൈമണ്‍ ലാലിന്റെ കുടുംബവുമായി അനീഷിന് നേരത്തെ ബന്ധമുണ്ടായിരുന്നു. പലതവണ അവിടെ പ്രശ്‌നങ്ങളുണ്ടായപ്പോളെല്ലാം അനീഷ് ഇടപെട്ടിരുന്നു. അതെല്ലാമാകാം വൈരാഗ്യത്തിന് കാരണം’. ജോര്‍ജ് പ്രതികരിച്ചു.
കള്ളനെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്നായിരുന്നു പ്രതി ലാല്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ തുടക്കം മുതലേ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. കൊല്ലപ്പെട്ട 19കാരന്‍ അനീഷ് ജോര്‍ജിന്റെ സുഹൃത്താണ് സൈമണ്‍ ലാലിന്റെ മകള്‍. കൊലപാതകത്തിന് ശേഷം സൈമണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൈമണ്‍ ലാലിന്റെ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് അനീഷിന് കുത്തേറ്റത്.
ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. സംഭവത്തെ കുറിച്ച് ലാല്‍ പൊലീസിനോട് പറഞ്ഞതിങ്ങനെ; പുലര്‍ച്ചെ നാലുമണിയോടെ എഴുന്നേറ്റപ്പോഴാണ് പെട്ടെന്നൊരാള്‍ ഓടിമറയുകയും ബാത്റൂമില്‍ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു’. പേട്ട ബഥനി കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ് അനീഷ് ജോര്‍ജ്.