ജിത്തുവിനെ അഭയകേന്ദ്രത്തിലാക്കിയത് പൊലീസ്; കബളിപ്പിച്ചത് ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞ്

December 31, 2021
290
Views

പറവൂരിൽ വിസ്മയ എന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സഹോദരി ജിത്തുവിനെ അഭയകേന്ദ്രത്തിലാക്കിയത് പൊലീസ്. ബുധനാഴ്ച അർധരാത്രി എറണാകുളം മേനകയ്ക്ക് സമീപം അലഞ്ഞുനടന്നിരുന്ന ജിത്തു താൻ ലക്ഷദ്വീപ് സ്വദേശിനിയാണെന്ന് പിങ്ക് പൊലീസിനോട് പറഞ്ഞു. ഇതേതുടർന്നാണ് ജിത്തുവിനെ പൊലീസ് അഭയകേന്ദ്രത്തിലാക്കിയത്.

തെരുവോരം മുരുകൻ നടത്തുന്ന കാക്കനാട്ടെ ‘തെരുവു വെളിച്ചം’ അഭയകേന്ദ്രത്തിൽ പുലർച്ചെ ഒന്നരയോടെ പൊലീസ് ജിത്തുവിനെ എത്തിച്ചു. പരസ്പരവിരുദ്ധമായി സംസാരിച്ച ഇവർ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയാണെന്ന് പൊലീസ് കരുതി. രാവിലെ ലക്ഷദ്വീപ് പൊലീസ് അഭയകേന്ദ്രത്തിലെത്തിയെങ്കിലും ഇവർക്ക് ആളെ തിരിച്ചറിയാനായില്ല. മണിക്കൂറുകൾക്ക് ശേഷം അഭയകേന്ദ്രത്തിലുള്ളത് കൊലപാതകക്കേസിൽ തങ്ങൾ അന്വേഷിക്കുന്നയാളാണെന്ന് പൊലീസിനു മനസ്സിലായി. പിന്നീട് പറവൂർ പൊലീസ് തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ജിത്തുവിനെ പുറത്തുവിടരുതെന്നും സുരക്ഷിതയായിരിക്കണമെന്നും മുരുകനെ ചട്ടം കെട്ടിയ പൊലീസ് കാക്കനാട്ടേക്ക് തിരിച്ചു. തന്നെ ആൺസുഹൃത്തിനൊപ്പം വിട്ടയക്കണമെന്ന് ജിത്തു പലതവണ ആവശ്യപ്പെട്ടെങ്കിലും മുരുകനും സഹപ്രവർത്തകരും തന്ത്രപരമായി ജിത്തുവിനെ അഭയകേന്ദ്രത്തിൽ തന്നെ നിർത്തി. ഇതിനിടെ സമീപത്തെ ഫ്ലാറ്റിലുള്ള വീട്ടമ്മ അന്തേവാസികൾക്കായി പായസം കൊണ്ടുവന്നു. ഇത് കുടിച്ചുകൊണ്ടിരിക്കെ പൊലീസ് എത്തുകയായിരുന്നു.

വിസ്മയയെ താൻ കൊലപ്പെടുത്തിയതാണെന്ന് ജിത്തു മൊഴി നൽകിയിരുന്നു. വഴക്കിൽ നിന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ ജിത്തു വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ഈ മാസം 28നായിരുന്നു സംഭവം. പറവൂർ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോൾ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തുന്നതിന് മുൻപേ ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു.

പെട്ടെന്ന് പ്രകോപിതയാവുന്ന പ്രകൃതമാണ് ജിത്തുവിനുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ കൈകൾ ബന്ധിച്ച ശേഷമാണ് മാതാപിതാക്കൾ പുറത്തുപോയത്. വിസ്മയയാണ് കെട്ടഴിച്ച് ജിത്തുവിനെ സ്വതന്ത്രയാക്കിയത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ ജിത്തു കത്തിയെടുത്ത് വിസ്മയയെ കുത്തി. കുഴഞ്ഞ് നിലത്തുവീണ വിസ്മയ മരിച്ചെന്ന് കരുതിയ ജിത്തു മണ്ണെണ്ണയൊഴിച്ച് വിസ്മയയെ തീകൊളുത്തിയ ശേഷം പിൻവാതിൽ വഴി പുറത്തേക്ക് പോവുകയായിരുന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *