രണ്‍ജീത്ത് വധം: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേർകൂടി പിടിയിൽ

January 1, 2022
111
Views

ആലപ്പുഴ : ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആലപ്പുഴ സ്വദേശികളെ കൂടി കസ്റ്റഡിയില്‍ എടുത്തു. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്.

പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഡിസംബര്‍ 19 ന് 12 മണിക്കൂറിന്‍റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 19 ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രണ്‍ജീത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *