കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

January 2, 2022
107
Views

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടക്കം നിര്‍വധി കര്‍ഷകര്‍ക്ക് തിരിച്ചടവ് നോട്ടീസ് ലഭിച്ചു. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ നൂറുകണക്കിന് കര്‍ഷകര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കേരളത്തിന്‌ പുറമെ മറ്റ് ചില സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പി എം കിസാന്‍ പദ്ധതി പ്രകാരം ആയിരുന്നു കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കിയത്. കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് ഈ തുക നിക്ഷേപിച്ചത്. എന്നാല്‍ ഈ തുക 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

കോട്ടയം പള്ളിക്കത്തോട് വീട്ടില്‍ മാത്രം നൂറിലധികം കര്‍ഷകര്‍ക്കാണ് തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്.ആനുകൂല്യം ലഭിച്ച തുക തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തിയാല്‍ നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഒരുപാട് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പണം തിരികെ വാങ്ങാന്‍ കേന്ദ്രം ഒരുങ്ങുന്നത്. കേന്ദ്ര കൃഷി മന്ത്രാലയം ആണ് കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക് ഈ അറിയിപ്പ് നല്‍കിയത്.

സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായനികുതി അടക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കര്‍ഷകര്‍ക്ക് തുക തിരികെ അടക്കണമെന്ന് ഉള്ള കത്ത് ലഭിച്ചിരിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്ബ് ബിജെപി സര്‍ക്കാര്‍ ആദ്യഗഡുവായ 2000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചിരുന്നു. ഇതിനു ശേഷം രണ്ടുമൂന്നു ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.

മൂന്ന് സെന്റ് സ്ഥലം എങ്കിലും കൃഷിചെയ്യാന്‍ വേണമെന്നായിരുന്നു അന്ന് പണം ലഭിക്കാന്‍ ഉള്ള യോഗ്യത. ഇത് തെളിയിക്കുന്ന കരം കെട്ടിയ രസീത്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. എന്നാല്‍ ഇപ്പോള്‍ അക്കൗണ്ടില്‍ എത്തിയ തുക കര്‍ഷകര്‍ ചെലവഴിച്ചതിനു ശേഷം അവര്‍ക്ക് അര്‍ഹതയില്ലെന്ന് കാട്ടി തിരികെ അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *