ചെന്നൈ: ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം പുതുവത്സരാഘോഷത്തിനിടെയായിരുന്നു സംഭവം. രമണ നഗർ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കിൽനിന്നുവീണ് കൈയിൽ ചെറിയ പരിക്കുമായി സുഹൃത്തുക്കൾക്കൊപ്പം തിരുഭുവനൈയിലെ സർക്കാർ ആശുപത്രിയിലെത്തിയതായിരുന്നു അരസു. എന്നാൽ, ആശുപത്രി ജീവനക്കാർ യുവാവിനെ ചികിത്സിക്കാൻ വൈകിയതായി പറയപ്പെടുന്നു. കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തിൽ ആശുപത്രിയിലെ ഒരു ചില്ലുവാതിൽ കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലിൽ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.
ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാൽ രക്തം വാർന്ന് മയങ്ങിവീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാർ അവഗണിച്ചെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. പിന്നീട്, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. വിദഗ്ധചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി തിരുഭുവനൈ പോലീസ് അറിയിച്ചു.