തിരുവനന്തപുരം: കോവളത്തെ സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊലീസുകാർക്ക് വിദേശികളുമായി ഇടപെടുന്നതിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിൻ്റെതാണ് തീരുമാനം. വിദേശികളോട് പൊലീസിന് മികച്ച സമീപനമാണെന്നും അവരുടെ സുരക്ഷിതത്വം പൊലീസിന്റെ കർത്തവ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കോവളത്തെ വിദേശിയ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ നൽകിയ പരാതി പരിശോധിക്കും. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയിൽ തീരുമാനമുണ്ടാകും. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് ഗ്രേഡ് എസ്ഐയെ ഉടൻ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ നൽകുന്ന വിശദീകരണം.
അതേ സമയം, സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ ഷാജി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നുവെന്നും അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് താൻ ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. തനിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപടെ മദ്യവുമായി വന്നപ്പോൾ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയിൽ പറയുന്നു.
എന്നാൽ അതേസമയം, പുതുവത്സര തലേന്ന് മദ്യം വാങ്ങിവന്ന വിദേശി സ്റ്റീഫനെ അവഹേളിച്ച സംഭവം വിവാദമായതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. സ്റ്റീഫനെ തടഞ്ഞ് വാഹന പരിശോധന നടത്തിയപ്പോള് സ്ഥലത്തുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.