സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു

January 5, 2022
208
Views

സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

രാജ്യത്തെ ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. ബിജെപിയുടെ അച്ചടക്ക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു. 1914 മെയ് 24ന് വലിയശാലയിലാണ് അദ്ദേഹം ജനിച്ചത്. ഗവണ്മെൻ്റ് ആർട്സ് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി വിദ്യാഭ്യാസം. സ്റ്റേറ്റ് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്നു. 1934ൽ മഹാത്മാഗാന്ധിയെ നേരിൽ കണ്ട് സംസാരിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്.

പിന്നീട് 6 മാസം ഒളിവിലായിരുന്നു. 1942നു ശേഷം അഭിഭാഷകനെന്ന നിലയിൽ പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗൺസിലറായി വലിയശാലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം ജനസംഘത്തിൻ്റെ പ്രവർത്തനവുമായി സജീവമായി. 1954ൽ അദ്ദേഹം സുപ്രിംകോടതി അഭിഭാഷകനായി. ഇതിനിടെ പട്ടം താണുപിള്ളയുമായി ചേർന്ന് പിഎസ്പിയിലും അദ്ദേഹം പ്രവർത്തിച്ചു. കേരള പത്രിക എന്ന പത്രവും നടത്തിയിട്ടുണ്ട്. 1980ൽ ബിജെപി രൂപീകരിച്ചപ്പോൾ അദ്ദേഹം ബിജെപിയിൽ അംഗമായി. അപ്പോൾ തന്നെ സംസ്ഥാന വൈസ് പ്രസിഡൻ്റായി. 1982ൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അയ്യപ്പ സേവാ സംഘത്തിൻ്റെ ആയുഷ്കാല അംഗത്വമുള്ളയാളായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *