കോഴിക്കോട്: മാവേലി എക്സ്പ്രസിൽ ടിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ എ.എസ്.ഐ.യുടെ മർദനത്തിനിരയായ നീർവേലി സ്വദേശി പൊന്നൻ ഷമീർ പോലീസ് പിടിയിൽ. ക്രിമിനൽ കേസുകളിലടക്കം പ്രതിയായ ഷമീറിനെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടു പോയതായി റെയിൽവെ പോലീസ് അറിയിച്ചു.
കൂത്തുപറമ്പ് സ്വദേശിയായ പൊന്നൻ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കൽ, ഭണ്ഡാര കവർച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളിൽ ഇയാൾ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇയാൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് മർദനത്തിനിരയായ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.
ഷമീറാണെന്ന് മനസ്സിലാകാതെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ട ഇയാൾക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. റെയിൽവെ എസ്.ഐ ജംഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കോഴിക്കോട്ടു നിന്ന് പിടികൂടിയത്.