മലപ്പുറം ;സംസ്ഥാന സർക്കാർ പദ്ധതിയായ സിൽവർ ലൈൻ മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നാടിന് ആവശ്യമുള്ള, സർക്കാർ അനുമതി ലഭിച്ച പദ്ധതികൾ മാറ്റിവെച്ചിട്ടാണ് സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട് പോകാൻ ശ്രമിക്കുന്നത്. ഇത് ആയിരക്കണക്കിന് ജനജീവിതത്തെ ബാധിക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു.
ഇപ്പോഴുള്ള റെയിൽവേ ലൈനുകൾ നവീകരിക്കുകയാണ് ആദ്യം വേണ്ടത്. അതിനെക്കുറിച്ച് സർക്കാർ ചർച്ച നടത്തിയിട്ട് പോലുമില്ല. സിഗ്നലിംഗ് മാറ്റി സുരക്ഷ ഉറപ്പാക്കിയാൽ കുറേയേറെ ട്രെയിനുകൾ ഇനിയും ഓടിക്കാൻ സാധിക്കും. കേരളത്തിന് സബ് അർബൻ ട്രെയിനുകളാണ് ആവശ്യമെന്നും ഇ ശ്രീധരൻ പറഞ്ഞു.
കെ റെയിൽ എന്ന പദ്ധതിക്ക് പിന്നിൽ ഒരു ഹിഡൻ അജണ്ടയുണ്ട്. കെ റെയിൽ പോലുള്ള പദ്ധതി നടപ്പിലാക്കാൻ ആവശ്യത്തിന് പണം കേരളത്തിൽ ഇല്ല. എല്ലാ മാസവും 4000 കോടിയോളം രൂപയാണ് ശമ്പളം കൊടുക്കാൻ വേണ്ടി സർക്കാർ കടമെടുക്കുന്നത്. 64000 കോടി രൂപയാണ് കെ റെയിൽ പദ്ധതിക്കായി കണക്കാക്കുന്ന തുക. എന്നാൽ അത് ഒരു ലക്ഷം കോടി കടക്കാൻ സാദ്ധ്യതയുണ്ട്. അഞ്ച് വർഷത്തിൽ പദ്ധതി പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് പറയുന്നുണ്ടെങ്കിലും അത് തീരാൻ 15 വർഷത്തിലധികം എടുക്കും.
കോവളം മുതൽ കാസർകോഡ് വരെ ഇൻലാന്റ് വാട്ടർവേ നിർമ്മിച്ചാൽ അത് ആർക്കും ഉപയോഗമില്ലാതാകും. ശബരിമലയിൽ എയർപോർട്ട് എന്നതും സർക്കാരിന്റെ ധൂർത്തുകളിൽ ഒന്നാണെന്ന് അദ്ദേഹം പരാമർശിച്ചു. ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികളല്ല മറിച്ച് എൽഡിഎഫിന് ആവശ്യമുളള പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി.
കേന്ദ്രം ഇതിന് അംഗീകാരം നൽകില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയിൽവെ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നും മെട്രോമാൻ വ്യക്തമാക്കി. അക്കാര്യങ്ങളൊന്നും സംസ്ഥാനം പരിശോധിച്ചിട്ടില്ല. സിപിഎമ്മിനുള്ളിൽ തന്നെ പലർക്കും എതിർപ്പുണ്ടെന്നും എന്നാൽ അതൊന്നും പുറത്ത് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.