വിസി നിയമനം ​ഗവ‍ർണറിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റാൻ തമിഴ്നാട്; പ്രമേയം അവതരിപ്പിക്കും

January 8, 2022
111
Views

ന്യൂ ഡെൽഹി: സ‍ർവ്വകലാശാല വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ​ഗവർണറിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റാൻ നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. മാ‍ർച്ചിലെ നിയമസഭയിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിദ​ഗ്ധരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊന്മുടി പറഞ്ഞു. പല സംസ്ഥാനങ്ങളിലും വിസിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ​ഗുജറാത്തിൽ 1949 മുതൽ വിസി നിയമനം മുഖ്യമന്ത്രിയാണ് നടത്തുന്നതെന്നും പൊന്മുടി പറഞ്ഞു.

വിസി നിയമനാധികാരം സംസ്ഥാന സ‍ർക്കാരിൽ നിക്ഷിപ്തമായാൽ കാലതാമസമില്ലാതെ നിയമനങ്ങൾ നടത്താമെന്നാണ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സംഭവത്തോട് പ്രതികരിച്ചത്. എന്നാൽ ഇത് നിയമനങ്ങളിലെ ക്രമക്കേടിന് കാരണമാകുമെന്നായിരുന്നു അണ്ണാ യൂനിവേഴ്സിറ്റി മുൻ വിസി ബാല​ഗുരുസ്വാമിയുടെ പ്രതികരണം.

നിലവിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവാദം നിലനിൽക്കെയാണ് ഇതേ വിഷയം സൂചിപ്പിച്ചുകൊണ്ട് തമിഴ്നാടിന്റെ നീക്കം. കണ്ണൂ‍ർ യൂനിവേഴ്സിറ്റി വിസി നിയമനവുമായി ബന്ധപ്പെട്ട് ​ഗവർണറും കേരള സർക്കാരും നിലവിൽ രണ്ട് തട്ടിലാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *