പാലക്കാട്: പുതുപ്പരിയാരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മകൻ സനൽ പിടിയിൽ. മൈസൂരിൽ ഒളിവിൽ പോയിരുന്ന പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പിടികൂടി പൊലീസിലേൽപിച്ചു.
രാവിലെ 7.30 ഓടെയാണ് പ്രതി വീട്ടിലെത്തിയതെന്ന് അയൽവാസികൾ പറയുന്നു. ഓട്ടോയിലാണ് വന്നത്. ഗേറ്റ് പൂട്ടിയിട്ടത് കണ്ട് തിരികെ പോകാനൊരുങ്ങി. ഉടനെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസിന്റെ നിർദ്ദേശ പ്രകാരം ഓട്ടോയെ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു. ചെറുത്തുനിൽപ്പ് കൂടാതെയാണ് പ്രതി കീഴടങ്ങിയതെന്നും അയൽവാസി ശ്രീഹരി പ്രതികരിച്ചു.
പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധ ദമ്പതികളായ 65 കാരൻ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയുമാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുള്ള മകൾ സൗമിനി ഇന്നലെ രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്.
ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൃത്യം നടന്നതിന് ശേഷം സനൽ ഒളിവില്‍ പോവുകയായിരുന്നു. നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന സംശയം പൊലീസിൽ ബലപ്പെടുത്തിയിട്ടുണ്ട്.