തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെയുള്ള പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്.
ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന പി സി ജോര്‍ജ്ജിന്റെ പ്രസ്ഥാവനയ്‌ക്കെതിരെയാണ് സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. ഇങ്ങനെ പറയാന്‍ മാത്രം തൊലിക്കട്ടിയുള്ള മാലിന്യമെന്നാണ് സന്ദീപ് ദാസ് പി സിയെ പോസ്റ്റില്‍ വിമര്‍ശിച്ചത്.
‘റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട് എന്ന തോന്നല്‍ ഇന്നും പ്രബലമാണ്. സ്ത്രീകളുടെ വസ്ത്രധാരണവും രാത്രിയിലെ സഞ്ചാരവും ബലാത്സംഗത്തിന് വഴിവെയ്ക്കുന്നു എന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നുണ്ട്. അത്തരമൊരു പിന്തിരിപ്പന്‍ വ്യവസ്ഥിതി നിലനില്‍ക്കുമ്ബോള്‍ സര്‍വൈവറുടെ പേര് വെളിപ്പെടുത്തുന്നത് ഉചിതമല്ല’, സന്ദീപ് ദാസിന്റെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ‘പ്രമുഖ നടി’ എന്ന മേല്‍വിലാസത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയുണ്ട്. അവര്‍ക്ക് യോജിച്ച വിശേഷണമല്ല അത്. ആ പെണ്‍കുട്ടി ഏറ്റവും വലിയ പ്രചോദനമാണ്,മാതൃകയാണ്,വഴികാട്ടിയുമാണ്! ‘നടി ആക്രമിക്കപ്പെട്ടു’ എന്ന പ്രയോഗം പറഞ്ഞും എഴുതിയും പഴകിക്കഴിഞ്ഞു. അതുകൊണ്ട് ആ വിഷയം ചര്‍ച്ച ചെയ്യുമ്ബോള്‍ പലര്‍ക്കും പഴയ ആവേശമില്ല.
എന്നാല്‍ ആക്രമിക്കപ്പെട്ട രാത്രിയില്‍ ആ പെണ്‍കുട്ടി കടന്നുപോയ സാഹചര്യത്തെക്കുറിച്ച് വെറുതെയൊന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ നട്ടെല്ലിലൂടെ ഭയം അരിച്ചുകയറും! ആ കുറ്റകൃത്യത്തിന്‍്റെ വിശദാശംങ്ങള്‍ വായിച്ചറിഞ്ഞാല്‍ നാം ഒന്നും ഉരിയാടാനാകാതെ തരിച്ചിരുന്നുപോവും! എന്നിട്ട് എന്താണ് സംഭവിച്ചത്?
അതിജീവിച്ചവള്‍ക്കൊപ്പം നിരുപാധികം നിലകൊള്ളേണ്ട ഈ സമൂഹത്തിലെ പല പ്രമുഖരും അവള്‍ക്കെതിരെ തിരിഞ്ഞു. നടിയുടെ സഹപ്രവര്‍ത്തകര്‍ കുറ്റകരമായ നിശബ്ദത പാലിച്ചു. ചിലര്‍ പരസ്യമായിത്തന്നെ കൂറുമാറി. നടിയ്ക്കും നടിയെ അനുകൂലിച്ചവര്‍ക്കും സമൂഹമാദ്ധ്യമങ്ങളിലൂടെ തെറിവിളിയും ഭീഷണിയും സ്ലട്ട് ഷേമിങ്ങും നേരിടേണ്ടിവന്നു. ആയിരക്കണക്കിന് ഫേക്ക് ഐഡികളാണ് ഈ ഒരൊറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത്!
‘ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന് പറയാന്‍ മാത്രം തൊലിക്കട്ടിയുള്ള മാലിന്യങ്ങളെ നാം ടെലിവിഷന്‍ ചാനലുകളില്‍ കണ്ടു. ഇതിനെല്ലാം പുറമെ അനന്തമായി നീണ്ടുകൊണ്ടിരിക്കുന്ന ഒരു കേസും! നീതിയ്ക്കുവേണ്ടിയുള്ള വേദന നിറഞ്ഞ കാത്തിരിപ്പ്! ഇത്രയൊക്കെയായിട്ടും ആ നടി തളര്‍ന്നോ?
ഇല്ല. അവള്‍ പൂര്‍വ്വാധികം ശക്തിയോടെ ഉദിച്ചുയരുകയാണ്. തന്‍്റെ നിലപാടുകളില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല എന്ന് നിസ്സംശയം പറയുകയാണ്. റേപ്പിനെ അതിജീവിച്ച നിരവധി പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്.
റേപ്പ് ചെയ്യപ്പെട്ട സ്ത്രീകളുടെ ഐഡന്‍്റിറ്റി രഹസ്യമാക്കിവെയ്ക്കുക എന്ന രീതി നാം പിന്തുടരുന്നുണ്ട്. നിലവിലെ സാമൂഹിക സാഹചര്യം പരിഗണിക്കുമ്ബോള്‍ അതില്‍ യുക്തിയുമുണ്ട്. റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട് എന്ന തോന്നല്‍ ഇന്നും പ്രബലമാണ്. സ്ത്രീകളുടെ വസ്ത്രധാരണവും രാത്രിയിലെ സഞ്ചാരവും ബലാത്സംഗത്തിന് വഴിവെയ്ക്കുന്നു എന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നുണ്ട്. അത്തരമൊരു പിന്തിരിപ്പന്‍ വ്യവസ്ഥിതി നിലനില്‍ക്കുമ്ബോള്‍ സര്‍വൈവറുടെ പേര് വെളിപ്പെടുത്തുന്നത് ഉചിതമല്ല.
പക്ഷേ ഈ രീതി മാറും. റേപ്പ് ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് യാതൊന്നും കൈമോശം വരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നമ്മുടെ സമൂഹം എന്നെങ്കിലും എത്തിച്ചേരും. ഒളിവുജീവിതം നയിക്കേണ്ടത് കുറ്റവാളികളാണ് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും കൈവരുന്ന ദിവസമുണ്ടാകും. ക്രൈമിനെ അതിജീവിച്ച സ്ത്രീകള്‍ അപമാന ഭയമില്ലാതെ ജീവിക്കും. അന്ന് ഈ നടിയെ സകലരും സ്നേഹത്തോടെ ഓര്‍ക്കും. അങ്ങോട്ടുള്ള വഴി വെട്ടിയത് അവളാണെന്ന് ബഹുമാനപൂര്‍വ്വം പറയും.
മലയാളസിനിമയില്‍ സ്ത്രീവിരുദ്ധത നിലനില്‍ക്കുന്നു എന്ന പരാതി പണ്ടുമുതലേ ഉള്ളതാണ്. പക്ഷേ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള ഒട്ടുമിക്ക അഭിനേതാക്കളും നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. അവളെ അംഗീകരിക്കാതിരിക്കുക എന്ന ഓപ്ഷന്‍ ആര്‍ക്കുമില്ല. കാരണം അവള്‍ പകരം വെയ്ക്കാനില്ലാത്ത പോരാളിയാണ് ! കാലം കടന്നുപോവുമ്ബോള്‍ പ്രമുഖ നടി എന്ന വിളി മണ്‍മറഞ്ഞുപോകും. മലയാള സിനിമയിലും സമൂഹത്തിലും വിപ്ലവം സൃഷ്ടിച്ച ധീരവനിത എന്ന് നാം തന്നെ മാറ്റിപ്പറയും. കാത്തിരുന്ന് കാണുക.