ലഖ്നൗ: ഉത്തപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. യോഗി ആദിത്യനാഥ് സർക്കാരിലെ മൂന്നാമത്തെ മന്ത്രിയും ഇന്ന് രാജിവെച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ബിജെപിയിൽ നിന്ന് രാജിവെച്ച എംഎൽഎമാരുടെ എണ്ണം ഒമ്പതായി.
ആയുഷ് വകുപ്പ് മന്ത്രിയും നാകുർ എംഎൽഎയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്. ഫിറോസാബാദ് എംഎൽഎ മുകേഷ് വർമ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധരം സിങ് സൈനിയുടെ രാജി. വിനയ് ശാക്യയെന്ന മറ്റൊരു എംഎൽഎയും ഇന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ രാജിവെച്ച 9 പേരിൽ മൂന്ന് മന്ത്രിമാരും ഉൾപ്പെടുന്നു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിങ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ച മറ്റു മന്ത്രിമാർ. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലർത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎൽഎമാരും.
ദളിത്, പിന്നാക്ക വിഭാഗങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സർക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം.
സ്വാമി പ്രസാദ് മൗര്യയും നാല് എം.എൽ.എ.മാരുമാണ് ചൊവ്വാഴ്ച രാജിവെച്ചത്. വനം പരിസ്ഥിതി മന്ത്രി ദാരാസിങ് ചൗഹാനും എം.എൽ.എ. അവ്താർ സിങ് ഭഡാനയും ബുധനാഴ്ച പാർട്ടി വിട്ടു. ഇന്ന് ഒരു മന്ത്രിയും രണ്ട് എംഎൽഎമാരും പാർട്ടി വിട്ടു.