കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ നടക്കുന്ന തെരച്ചിലിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുന്നു.
വളരെ നിർണായകമായ തെളിവുകൾ തേടിയാണ് അന്വേഷണഉദ്യോഗസ്ഥർ ദിലീപിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. എന്നാൽ എന്തെല്ലാം തെളിവുകൾ ലഭിക്കും എന്ന കാര്യം കാത്തിരുന്ന് കാണണം.
റെയ്ഡ് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ, ദിലീപിന്റെ അഭിഭാഷകർ ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിലെത്തിയിട്ടുണ്ട്. ആലുവ പറവൂർക്കവലയിലെ ദിലീപിന്റെ വീട്, സഹോദരൻ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ പുരോഗമിക്കുന്നത്. ദിലീപിന്റെയും സഹോദരന്റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.