കോഴിക്കോട്: ഹേമ കമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതിദേവി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയയിരുന്ന് അവർ.
സിനിമാമേഖലയിലേക്ക് പുതിയ പെൺകുട്ടികൾ കടന്നുവരുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിർമാണ കമ്പനികൾ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഞാൻ സിനിമാ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു.
എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷൻ. അതുകൊണ്ടു തന്നെ ആ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കേണ്ട സാഹചര്യം സർക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീർച്ചയായും സിനിമാമേഖലയിൽ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്.
നിയമനിർമാണം വേണം. ഇന്റേണൽ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിർമാണ കമ്പനികളും നിർബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകൾക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ സർക്കാരിന് സമർപ്പിക്കും. സർക്കാർ അതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്- സതിദേവി പറഞ്ഞു.
സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിലെ ഒരു ശുപാർശ പോലും സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് റിപ്പോർട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സർക്കാർ നൽകിയ മറുപടി.
ഹേമ കമ്മീഷനുവേണ്ടി സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപയാണ്. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 10322254 രൂപ കൈപ്പറ്റിയതായും രേഖകളിൽ പറയുന്നു.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിന് സർക്കാർ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷൻ 2019 ൽ സർക്കാരിന് റിപ്പോർട്ട് കൈമാറി.
സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷൻ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കോടികൾ ചെലവാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിനെതിരേ ഡബ്ല്യു.സി.സി ഉൾപ്പടെ പ്രതിഷേധം ശക്തമാക്കുകയാണ്.