കോട്ടയം: പത്തൊൻപതുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുവന്നിട്ട ഗുണ്ട ജോമോൻ കാപ്പ ചുമത്തപ്പെട്ട നാട് കടത്തപ്പെട്ടയാൾ. എന്നാൽ കോടതിയിൽ നിന്ന് ഇളവ് നേടി കോട്ടയത്ത് എത്തിയതാണിയാൾ.
എതിരാളികളുടെ താവളം കണ്ടെത്താൻ വേണ്ടിയാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്റെ മൊഴിയെന്ന് എസ്പി ഡി ശിൽപ പറയുന്നു. കൊല്ലാൻ വേണ്ടിയായിരുന്നില്ല, മറിച്ച് എതിർ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആൾക്കാരെ കണ്ടെത്താനുമായിരുന്നു ജോമോൻ്റ ആക്രമണം.
സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. ജോ മോനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോയി, ജോമോന്റെ ശക്തി ക്ഷയിച്ചു. തിരിച്ചു വന്നപ്പോൾ ജില്ലയിൽ സ്വാധീനം കുറഞ്ഞു. ഇതിനിടെ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യൻ്റെ നേതൃത്വത്തിലുള്ള സംഘം ജോമോന്റെ സംഘത്തിൽ മുമ്പുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിച്ചു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.
സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരമെടുക്കലായിരുന്നു ശ്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം.