തിരുവനന്തപുരം: വിഴിഞ്ഞത്ത് പതിനാലുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് അന്വേഷിച്ച പൊലീസ് വന്ന് മാപ്പുപറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ ഗീത. പക്ഷേ എങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അവർ പറഞ്ഞു.
ഒരു അബന്ധം പറ്റിയതാണെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം കുടുംബം അനുഭവിച്ചത് വലിയ ദുരന്തമാണ്. ഇതിനിടയാക്കിയ പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും.
പെൺകുട്ടിയുടെ കൊലപാതകക്കുറ്റം ഏറ്റടുക്കാൻ പൊലീസ് പീഡിപ്പിച്ചെന്ന് ഗീതയും ഭർത്താവും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊലപാതകം ചെയ്തത് അയൽവാസിയായ സ്ത്രീയും മകനും ചേർന്നാണെന്ന് യാദൃശ്ചികമായാണ് പൊലീസ് കണ്ടെത്തിയത്.
ഒരു വർഷം മുമ്പ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് നടത്തിയത് അതിക്രൂര പീഡനമാണ്. കുറ്റം ഏറ്റുപറയാൻ പൊലീസ് ചൂരൽ കൊണ്ടടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറയുന്നത്. വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതക്കേസിൽ പിടിയിലായ റഫീഖയും മകൻ ഷെഫീഖും തന്നെയാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത് യാദൃശ്ചികമായാണ്.
മക്കളില്ലാത്തതിനാല്‍ ആനന്ദൻ ഗീത ദമ്പതികൾ എടുത്ത് വളര്‍ത്തിയതാണ് പെൺകുട്ടിയെ. 2020 ഡിസംബറിലാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയൽവാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിനുള്ളിൽ വച്ച് റഫീക്ക കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.
മാതാപിതാക്കളെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കോവളം പൊലീസിന്റെ തുടക്കത്തിലെ അന്വേഷണം. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി ആനന്ദനോടും ഗീതയോടും മോശമായി പെരുമാറി. ഒടുവിൽ നുണപരിശോധനക്ക് ഇരുവരും തയ്യാറാണെന്ന് പറഞ്ഞതിന് ശേഷം അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇപ്പോഴെങ്കിലും സത്യം തെളിഞ്ഞതന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ.