സംസ്ഥാനത്ത് അതിതീവ്ര വ്യാപനത്തിലേക്ക് കടന്നു; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം-മന്ത്രി വീണ ജോർജ്

January 19, 2022
220
Views

തിരുവനന്തപുരം: സംസ്ഥാനം കൊറോണ മൂന്നാം തരംഗത്തിലാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുന്നത്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡെൽറ്റയും ഒമിക്രോണും കാരണവും കൊറോണ കേസുകൾ ഉണ്ടാകുന്നുണ്ട്. ഡെൽറ്റയെക്കാൾ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷെ അതിന്റെ അർഥം ഒമിക്രോൺ അവഗണിക്കാം എന്നുള്ളതല്ല. ഒമിക്രോണുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ വ്യാപനം തടയേണ്ടത് ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാൽ എൻ. 95 മാസ്കോ ഡബിൾ മാസ്കോ വേണം എല്ലാവരും ധരിക്കേണ്ടത്തെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം, വാക്സിൻ സ്വീകരിക്കണം, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ബൂസ്റ്റർ ഡോസ് എടുക്കണം, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം എന്നീ അഞ്ചുകാര്യങ്ങൾ വ്യക്തികളെന്ന നിലയിൽ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ സ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ ശ്രദ്ധിക്കണം. നിലവിൽ പലയിടത്തും ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നില്ലെന്ന് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1508 ആരോഗ്യ പ്രവർത്തകർക്ക് ജനുവരി മുതൽ ഇതുവരെ കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും പോസിറ്റീവ് ആകുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം. പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണം. ഇതിന്റെ ഭാഗമായി ഇ സഞ്ജീവനി വഴി ടെലി മെഡിസിൻ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം. ആശുപത്രികളിൽ ജീവനക്കാരുടെ കൂട്ടംചേരൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. രോഗിയുടെ കൂട്ടിരിപ്പിന് ഒരാൾ മാത്രം പോകാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആകെ 3,107 ഐ.സി.യു. ബെഡ്ഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 7,468 ബെഡ്ഡുകളുമുണ്ട്. വെന്റിലേറ്റർ കിടക്കകൾ സർക്കാർ മേഖലയിൽ 2,293 ഉം സ്വകാര്യമേഖലയിൽ 2432 എന്നിങ്ങനെയുണ്ടെന്നും മന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *