ന്യൂ ഡെൽഹി: അന്തരിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിന് ബിജെപി സീറ്റ് നിഷേധിച്ചു. മനോഹർ പരീക്കറുടെ സീറ്റായിരുന്ന പനജിയിൽ സീറ്റ് നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇവിടെ മുൻ കോൺഗ്രസ് നേതാവായ അറ്റനാസിയോ ബാബുഷ് മൊൺസെറാട്ടെയെ ആണ് ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 34 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
ബിജെപി സീറ്റ് നിഷേധിച്ചതോടെ ഉത്പൽ പരീക്കറിന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ സീറ്റ് വാഗ്ദ്ധാനം ചെയ്തു. ‘ഉപയോഗിച്ച് വലിച്ചെറിയുന്ന നയം പരീക്കറുടെ കുടുംബത്തോട് പോലും ബിജെപി കാണിച്ചതിൽ ഗോവക്കാർക്ക് സങ്കടമുണ്ട്. ഞാൻ എല്ലാ സമയത്തും മനോഹർ പരീക്കറെ ബഹുമാനിക്കുന്നു. ഉത്പൽ പരീക്കറിനെ ആം ആദ്മി പാർട്ടിയിൽ ചേരുന്നതിനും പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നതിനും സ്വാഗതം ചെയ്യുന്നു’ കെജ്രിവാൾ പറഞ്ഞു.
തന്റെ നിലപാട് ഉടൻ വ്യക്തമാക്കുമെന്ന് ഉത്പൽ പരീക്കർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബിജെപി മറ്റു മണ്ഡലങ്ങളിൽ ഉത്പലിന് സീറ്റ് വാഗ്ദ്ധാനം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ ഇത് നിരസിച്ച ഉത്പൽ പനജിയിൽ തന്നെ മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.
അതേ സമയം പനജിയിൽ മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ വീടുകൾ തോറുമുള്ള പ്രചാരണവും ഉത്പൽ ആരംഭിച്ചിരുന്നു. 2019 മനോഹർ പരീക്കറുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിദ്ധാർത്ഥ് കുങ്കല്ലെങ്കർ എന്ന യുവ സ്ഥാനാർഥിയെയായിരുന്നു ബിജെപി പനജിയിൽ മത്സരിപ്പിച്ചിരുന്നത്.
എന്നാൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അറ്റനാസിയോ ബാബുഷ് മൊൺസെറാട്ടെ ഈ സീറ്റ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. തൊട്ടുപിന്നാലെ അദ്ദേഹം ബിജെപിയിൽ ചേരുകയും ചെയ്തു. സിറ്റിങ് എംഎൽഎ കൂടിയായ മൊൺസെറാട്ടെയാണ് ബിജെപി പനജിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.