ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിലെ പാര്‍ലമെന്റ് മന്ദിരത്തിനായി ഇനിയും 282 കോടി രൂപ കൂടി വേണ്ടി വരും. 20,000 കോടി രൂപ ചെലവിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി നീക്കിവെച്ചിട്ടുള്ളത് 971 കോടി രൂപയാണ്. ഇതിലാണ് ഇപ്പോള്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
സ്റ്റീലിനും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വില കൂടിയതാണ് പദ്ധതിക്കായി ചെലവഴിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാക്കിയതെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2020 ഡിസംബറിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ 40 ശതമാനം പണി ടാറ്റ പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആധുനിക സജ്ജീകരണത്തോടെ ഒരുങ്ങുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരുസഭകളിലേയും എം.പിമാരുടെ സീറ്റിനു മുന്നില്‍ ടാബ്‌ലെറ്റുകള്‍ ഉണ്ടായിരിക്കും. ഉന്നതനിലവാരത്തിലുള്ള സാങ്കേതിക ഉപകരണങ്ങള്‍ മീറ്റിംഗ് റൂമുകളിലും മന്ത്രിമാരുടെ ചേംബറുകളിലും ഉണ്ടാവും.
Article Categories:
Latest News