നൂറുവർഷത്തോളം പഴക്കമുള്ള മരം മുറിച്ചതിനെ ചോദ്യം ചെയ്ത പരിസ്ഥിതി പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചു. മുംബൈ നഗരത്തിലാണ് സംഭവം. മുംബൈ പൊലീസ് ഒരാളെ മർദിക്കുകയും പൊലീസ് വാഹനത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പരിസ്ഥിതി പ്രവർത്തകൻ അഭയ് ആസാദാണ് ഇതെന്ന് പിന്നീടാണ് ആളുകൾ തിരിച്ചറിഞ്ഞത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ നൂറ് വർഷം പഴക്കമുള്ള മരം മുറിച്ചതിനെ അഭയ് ചോദ്യം ചെയ്യുകയും മരം മുറിക്കാനുള്ള രേഖകൾ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത പൊലീസ് ഇയാളെ മർദിക്കുകയും പൊലീസ് വാഹനത്തിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.
മഹാരാഷ്ട്ര സർക്കാർ 50 വർഷത്തിലധികം പഴക്കമുള്ള എല്ലാ വൃക്ഷങ്ങളെയും പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മരങ്ങൾ മുറിക്കുന്നത് തുടരുകയാണ്. ഇതുപോലെ മരങ്ങൾ മുറിച്ചാൽ നഗരത്തിൽ ഒരു പൈതൃകവും അവശേഷിക്കില്ലെന്നും അഭയ് ആസാദ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഡിയോ വൈറലായതോടെ പൊലീസിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.