ന്യൂ ഡെൽഹി: ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യൻ റെയിൽവെ എൻടിപിസി നിയമന നടപടികൾ നിർത്തിവെച്ചു. ലെവൽ ടു ചുരുക്കപട്ടികയിൽ അപാകത ആരോപിച്ചായിരുന്നു പ്രതിഷേധം. ഉദ്യോഗാർത്ഥികളുടെ പരാതികൾ പഠിക്കാനും പരിഹരിക്കാനുമായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മാർച്ച് നാലിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ നിർദേശങ്ങൾ ലഭിച്ച ശേഷമാകും തുടർ നടപടികളെന്നും റെയിൽവെ അറിയിച്ചു.
ഇരുഭാഗത്തെയും വാദങ്ങൾ കേട്ട ശേഷമേ റെയിൽവെ സമിതി റിപ്പോർട്ട് സമർപ്പിക്കൂ. അതേസമയം പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചവർക്ക് ഇനി റെയിൽവെ ജോലികളിൽ പ്രവേശിക്കാൻ സാധിക്കാത്ത നിലയിൽ വിലക്കേർപ്പെടുത്തുമെന്ന് റെയിൽവെ അറിയിച്ചിരുന്നു.
ബിഹാറിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാർ ബിഹാറിൽ ഒരു പാസഞ്ചർ ട്രെയിനിന് തീയിട്ടിരുന്നു. ബിഹാറിലെ അറായിൽ പൊലീസിനെതിരെ കല്ലേറും നടന്നു. പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
റെയിൽവെ എൻടിപിസി നിയമനവുമായി ബന്ധപ്പെട്ട ലെവൽ 1 പരീക്ഷാഫലം ജനുവരി 15 ന് വന്നിരുന്നു. ഇതിൽ യോഗ്യത നേടിയവർക്കാണ് ലെവൽ 2 പരീക്ഷയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. എന്നാൽ ചുരുക്കപ്പട്ടികയിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.
ബിഹാറിൽ നടന്ന പ്രതിഷേധത്തിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അതേസമയം പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിവീശിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി രംഗത്ത് വന്നിരുന്നു.