മറ്റുള്ള കാര്യങ്ങളിൽ നാം പുലർത്തുന്ന ശ്രദ്ധ അടുക്കളയിൽ നൽകുന്നുണ്ടോ ? അടുക്കളയിൽ ചൂട് പാത്രം പിടിക്കാനുള്ള തടത്തുണി, കൈ തുടയ്ക്കുന്ന തുടി, ടേബിൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണി എന്നിവയെല്ലാം എത്ര തവണ വൃത്തിയാക്കുന്നുണ്ട് ? ഈ തുണികളിലൂടെ അടുക്കളയിൽ പതിയിരിക്കുന്നത് വലിയ അപകടമാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ ?
മുൻപ് നടത്തിയ പഠന റിപ്പോർട്ടുകൾ
2014 ലാണ് അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിലെ അണുക്കളെ കുറിച്ച് ഫുഡ് പ്രൊടെക്ഷൻ ട്രെൻഡ്സ് എന്ന പ്രസിദ്ധീകരണം ഒരു പഠന റിപ്പോർട്ട് പുറത്തുവിടുന്നത്. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള അടുക്കളയിൽ ഉപയോഗിക്കുന്ന 82 തുണികളിൽ ഗവേഷകർ പഠനം നടത്തി.
പത്തിൽ ഒൻപത് തുണികളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. മനുഷ്യരുടേയും മൃഗങ്ങളുടേയും വിസർജ്യത്തിൽ കാണപ്പെടുന്ന ബാക്ടീരിയയാണ് ഇത്. 14% തുണികളിൽ സാൽമൊണല്ലയെ കണ്ടെത്തി.
2018 ൽ മൗറീഷ്യസ് സർവകലാശാല നടത്തിയ പഠനതത്തിൽ 2014 ൽ കണ്ടെത്തിയതിനേക്കാൾ കൂടുതൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. 36.7 ശതമാനം കിച്ചൻ ടവലുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും, 30.6 % തുണികളിൽ സ്യൂഡോമോണസും, 28.6% ൽ ബസിലസും, രണ്ട് ശതമാനം തുണികളിൽ സ്റ്റഫിലോകോക്കസ് ബാക്ടീരിയയുടേയും സാന്നിധ്യം കണ്ടെത്തി.
ആരോഗ്യപ്രശ്നങ്ങൾ
വൃത്തിഹീനമായ അടുക്കള തുണികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കടുത്ത ഛർദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ട് നിൽക്കും.
അടുക്കളയിലെ തുണികൾ വൃത്തിയാക്കേണ്ട ഇടവേള
പലരും ആഴ്ചയിൽ ഒരിക്കലാണ് അടുക്കളയിൽ ഉപയോഗിക്കുന്ന തുണികൾ കഴുകുന്നത്. ചിലർ അഞ്ച് ദിവസത്തിൽ ഒരിക്കൽ കഴുകുമ്പോൾ മറ്റ് ചിലർ ഒന്നിടവിട്ട ദിവസങ്ങളിലും കഴുകാറുണ്ടെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ യഥാർത്ഥത്തിൽ എത്ര ദിവസത്തെ ഇടവേളയിൽ വേണം ഈ തുണികൾ വൃത്തിയാക്കാൻ ?
ഉത്തരം – ഇടവേള പാടില്ല എന്നതാണ.് എല്ലാ ദിവസവും അടുക്കള തുണികൾ കഴുകണം. തുണികൾ വെറുതെ നനച്ച് കഴുകിയെടുത്താൽ വൃത്തിയാകില്ല. ചില ബാക്ടീരിയകൾക്ക് നനവില്ലാതെ ഉണങ്ങിയ അവസ്ഥയിലും ജീവിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ നന്നായി സോപ്പ് ഉപയോഗിച്ച് അണുനാശിനി ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം. കഴുകിയ തുണികൾ വെയിലത്തിട്ട് ഉണക്കി വേണം സൂക്ഷിക്കാൻ.