അണ്ടർ 19 ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്നിറങ്ങും. ഓസ്ട്രേലിയ ആണ് എതിരാളികൾ. ലോകകപ്പിനു മുൻപ് നടന്ന സന്നാഹ മത്സരത്തിൽ ഓസീസിനെ തോല്പിച്ചെങ്കിലും ടൂർണമെൻ്റിൽ ഓരോ മത്സരം കഴിയും തോറും മെച്ചപ്പെടുന്ന ഓസ്ട്രേലിയ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പ്. ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീം ഈ മാസം അഞ്ചിന് ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. കൊവിഡ് ബാധിച്ച് പുറത്തായിരുന്ന എല്ലാ താരങ്ങളും നെഗറ്റീവായി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. ക്യാപ്റ്റൻ യാഷ് ധുലും സംഘവും ടീമിനൊപ്പം ചേർന്നപ്പോൾ കൊവിഡ് ബാധിച്ച നിഷാന്ത് സിന്ധുവും ഇന്ന് ടീമിലുണ്ടാവും. നിഷാന്ത് സിന്ധു ഇന്നലെ കൊവിഡ് മുക്തനായിരുന്നു. ധുല്ലിൻ്റെ അഭാവത്തിൽ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിച്ച സിന്ധു മികച്ച പ്രകടനമാണ് നടത്തിയത്. എല്ലാവരും തിരികെ എത്തിയതിനാൽ ഇന്ത്യയ്ക്ക് ഒരു ഫുൾ സ്ട്രെങ്ത് സ്ക്വാഡിനെ കളത്തിലിറക്കാനാവും.
ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തോല്പിച്ചാണ് ഇന്ത്യ അവസാന നാലിൽ എത്തിയത്. ബംഗ്ലാദേശിനെ 110 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 30.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്‌വാളും തിളങ്ങിയപ്പോൾ ബാറ്റിംഗിൽ അങ്ക്‌ക്രിഷ് രഘുവൻശി (44), ക്യാപ്റ്റൻ യാഷ് ധുൽ (20 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.മറ്റൊരു ക്വാർട്ടറിൽ ഓസ്ട്രേലിയ പാകിസ്താനെ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തു.
ടീഗ് വില്ലി (71), കോറി മില്ലർ (64), കാംപ്‌ബെൽ കെല്ലവേ (47) എന്നിവർ ഓസീസിനായി മികച്ച പ്രകടനം നടത്തി. പാക് ക്യാപ്റ്റൻ ഖാസിം അക്രം മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ വെറും 157 റൺസെടുക്കുന്നതിനെ പാകിസ്താൻ ഓൾഔട്ടായി. 9ആം നമ്പറിലിറങ്ങിയ മെഹ്റാൻ മുംതാസ് (29) ആണ് പാക് ടോപ്പ് സ്കോറർ. വില്ല്യം സാൽസ്‌മാൻ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.