വാഷിങ്ടൺ: അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കുള്ള കൊറോണ വാക്സിന് അനുമതി തേടി ഫൈസർ-ബയോൺടെക്. ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് വാക്സിനാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.
ഈ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്.ഡി.എ) സമീപിച്ചിരിക്കുന്നത്. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ സമർപ്പിക്കുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയെയും അനുമതിക്കായി സമീപിക്കുമെന്നും കമ്പനി പറഞ്ഞു.
എഫ്.ഡി.എയുടെ വാക്സിൻ അഡൈ്വസറി കമ്മിറ്റി ഫെബ്രുവരി 15-ന് യോഗം ചേർന്ന് വാക്സിൻ അനുമതി സംബന്ധിച്ച അപേക്ഷയിൽ തീരുമാനമെടുത്തേക്കും. അനുമതി ലഭിക്കുകയാണെങ്കിൽ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്സിനായിരിക്കും ഫൈസർ-ബയോൺടെക് വാക്സിൻ.