ന്യൂ ഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടിയിരുന്നെങ്കിലും ആകെ നൽകിയത് രണ്ട് പേർ മാത്രം. ഇന്ത്യയിലെ പൗരന്മാരുടെ ഫോണുകളിലോ മറ്റ് ഉപകരണങ്ങളിലോ സംഭരിച്ച ഡാറ്റ ഉപയോഗിക്കാനും വിവരങ്ങൾ ചോർത്താനും പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആണ് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി വിവരങ്ങൾ ആവശ്യപ്പെട്ടത്.
ജനുവരി 2 നാണ് ഉപകരണവുമായി ഹാജരാകണമെന്ന പൊതു അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാൽ, ഒരു മാസത്തിന് ശേഷം, സ്പൈവെയർ നിരീക്ഷണം സംശയിക്കുന്ന രണ്ട് പേർ മാത്രമാണ് അവരുടെ ഉപകരണങ്ങളുമായി പാനലിന് മുന്നിൽ ഹാജരായത്. രണ്ടുപേരുടെയും ഐഡന്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഒരിക്കൽ കൂടി മൊബൈൽ ഉപകരണത്തിന് പെഗാസസ് സ്പൈവെയർ ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവർ സാങ്കേതിക സമിതിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് വ്യാഴാഴ്ച വീണ്ടും അറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ഫെബ്രുവരി 8 വരെയാണ് സമിതി പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
inqiry@pegasus-india-investigation.in എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം. വിവരങ്ങൾ പരിശോധിച്ച ശേഷം ചോര്‍ത്തലിന് വിധേമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും. ഉപകരണവുമായെത്തുന്ന വ്യക്തിയുടെ സാന്നിധ്യത്തിൽ ഉപകരണത്തിന്റെ ഡിജിറ്റൽ ചിത്രം എടുക്കുമെന്നും അതിനുശേഷം ഉപകരണം ഉടൻ തന്നെ വ്യക്തിക്ക് തിരികെ നൽകുമെന്നും കമ്മിറ്റി പറഞ്ഞു. ആ വ്യക്തിക്ക് ഡിജിറ്റൽ ചിത്രത്തിന്റെ ഒരു പകർപ്പും നൽകും.
സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയവരോട് ഫോണ്‍ ചോര്‍ത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു. ചോര്‍ത്തലിന് വിധേയനായ ഫോണുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബർ 27-നാണ് സുപ്രീം കോടതി സാങ്കേതിക കമ്മിറ്റിയെ നിയമിച്ചത്. ഇന്ത്യൻ പൗരന്മാർക്കെതിരെ കേന്ദ്രമോ സംസ്ഥാന സർക്കാരോ പെഗാസസ് സ്യൂട്ട് സ്പൈവെയറുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. ഏതെങ്കിലും സർക്കാർ ഏജൻസി രാജ്യത്തെ ഏതെങ്കിലും പൗരന്റെമേൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇത് ഏത് നിയമം, ചട്ടം, മാർഗ്ഗനിർദ്ദേശം, പ്രോട്ടോക്കോൾ അല്ലെങ്കിൽ നിയമാനുസൃതമായ നടപടിക്രമം എന്നിവയുടെ കീഴിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും സമിതി പരിശോധിച്ച് വരികയാണ്.