കണ്ണൂർ വിമാനത്താവളത്തിൽ ഗഗൻ സംവിധാനം വിജയകരം : ഇനി ഏത് കാലാവസ്ഥയിലും വിമാനമിറക്കാം

February 5, 2022
102
Views

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഏത് കാലാവസ്ഥയിലും വിമാനമിറങ്ങുന്നതിനുള്ള പരിശോധന നടന്നു.ഗഗന്‍ സംവിധാനത്തിലൂടെ വിമാനമിറക്കാനുള്ള പരീക്ഷണപ്പറക്കലാണ് നടത്തിയത്.രാജ്യത്ത് ആദ്യമായി സംവിധാനം നടപ്പാക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിലാണെന്ന സവിശേഷത കൂടി ഇതിനുണ്ട്.ജി.പി.എസ്. സഹായത്തോടെ ഏത് കാലാവസ്ഥയിലും വിമാനമിറക്കുന്നതിനുള്ള സംവിധാനമാണ് ഗഗന്‍.ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുകയാണ് ഗഗന്‍ എന്ന ജി.പി.എസ്.എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍ വഴി ചെയ്യുന്നത്.ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക.ഇതുവഴി ഏത് കാലാവസ്ഥയിലും വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിക്കും.ഗഗന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ പറക്കല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു.എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച്‌ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തില്‍ രണ്ടു ദിവസത്തെ കാലിബ്രേഷന്‍ പരിശോധന നടത്തിയത്. അപ്രോച്ച്‌ പ്രൊസീജിയര്‍ കാലിബ്രേഷന്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്.പരിശോധനയുടെ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറും.

രാജ്യത്ത് ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഈ സംവിധാനം പരീക്ഷിച്ച്‌ നടപ്പാക്കുന്നതെന്ന പ്രേത്യേകതയുമുണ്ട്.ഐ.എസ്.ആര്‍.ഒ.യും എയര്‍പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് 774 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.പൈലറ്റ് അനൂപ് കച്ച്‌റു, സഹ പൈലറ്റ് ശക്തി സിങ്ങ് എന്നിവരാണ് കാലിബ്രേഷന്‍ വിമാനം പറത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ഷംസര്‍ സിങ്ങ് ,എല്‍.ഡി. മൊഹന്തി, നവീന്‍ ദൂദി, ഡി.ജി.സി.എ. ഉദ്യോഗസ്ഥരായ രവീന്ദര്‍ സിങ് ജംവാള്‍, വാസു ഗുപ്ത, എ.എം.ഇ. തരുണ്‍ അഹ്ലാവത്ത്, ടെക്നീഷ്യന്‍ സച്ചിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിയാല്‍ സി.ഒ.ഒ. എം. സുഭാഷ്, ഓപ്പറേഷന്‍സ് ഹെഡ് രാജേഷ് പൊതുവാള്‍ എന്നിവരും പങ്കെടുത്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *