സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകൾ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. അതേസമയം 1 മുതല്‍ 9 വരെയുള്ള പ്രവര്‍ത്തനത്തിന് പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും.
ഒരിടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾ ഭാഗികമായെങ്കിലും സാധാരണ സമയക്രമത്തിലേക്ക് മാറുന്നത്. പൊതുപരീക്ഷയുള്ള 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെയായി ക്രമീകരിക്കും. പൊതു പരീക്ഷക്കുള്ള തയാറെടുപ്പെന്ന രീതിയിലാണ് തീരുമാനം. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, മോഡല്‍ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യം.
പൊതു പരീക്ഷക്ക് മുന്‍പ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, പ്രാക്ടിക്കലുകള്‍ നല്‍കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ വന്നാലും പ്രയാസം കൂടാതെ ഉത്തരമെഴുതാന്‍കുട്ടികളെ പരിശീലിപ്പിക്കും. 14ാം തീയതിമുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. 7 ആം തീയതി മുതല്‍ 12 വരെ ഓൺലൈൻ അധ്യയനം തുടരും.